കൽപ്പറ്റ: വയനാട്ടിലെ സി.പി.എം ജില്ലാ നേതൃത്വം ക്രിമിനൽ പ്രവർത്തങ്ങൾക്ക് ഒത്താശ പകരുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് അപമാനകരമാണെന്ന് മലപ്പുറം ഡി.സിസി പ്രസിഡന്റ് വി.എസ് ജോയി. കൽപ്പറ്റ എം.എൽ.എ ഓഫീസ് ആക്രമിച്ച ഡി.വൈ.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിക്കുകയും അന്ന് അണിയറയിൽ മുഴുവൻ നേതൃത്വം കൊടുത്ത്, സമര സ്ഥലത്തു വന്ന് ആക്രമികൾക്ക് ആത്മവിശ്വാസം കൊടുത്തത് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫീസ് അക്രമണത്തിന് പിന്നിലും സി.പി.എമ്മിന്റെ ഇതേ നേതൃത്വം തന്നെയാണ്. ഇപ്പോൾ കൽപ്പറ്റ എം.എൽ.എയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐക്കാരെ പറഞ്ഞയച്ചത് ഇതേ സി.പി.എം ജില്ലാ നേതൃത്വമാണ്. സമാധാനമുള്ളവയനാട്ടിൽ ഇത്തരത്തിലുള്ള ആക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കുകയില്ല. എൻ.എം വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും പാർട്ടി ഏറ്റെടുത്തതും അതിൽ മൂന്ന് വിഷയത്തിൽ രണ്ടു വിഷയം പൂർണമായി പരിഹരിച്ചതും മൂന്നാമത്തെ വിഷയം പരിഹരിക്കാമെന്ന് പാർട്ടി ഉറപ്പു കൊടുത്തതും അതിന്റെ തുടർനടപടികളുമായി മന്നോട്ടപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിനെ കൂട്ടുപിടിച്ച് ഇത്തരം അസ്വസ്ഥതകൾക്കും കുഴപ്പങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. ഇത് വളരെയധികം വേദനാജനകമായ കാര്യമാണ് അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലീം മേമന അദ്ധ്യക്ഷനായിരുന്നു. ടി. സിദ്ധിഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.പി ആലി, റസാക്ക് കൽപ്പറ്റ, യഹ്യാഖാൻ തലക്കൽ, ടി.ജെ ഐസക്, എം.എ ജോസഫ്, ബി. സരേഷ് ബാബു, ഹാരിസ് ബാബു ചാലിയാർ, ഹാരിസ് കണ്ടിയൻ, പി.കെ അബ്ദുറഹിമാൻ, നജീബ് കരണി, പോൾസൺ കൂവക്കൽ, ശോഭന കുമാരി, പോൾസൺ കൂവക്കൽ, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, എൻ മുസ്തഫ, എം.പി നവാസ്, സി എ അരുൺദേവ്, ഹർഷൽ കോന്നാടൻ, തുടങ്ങിയവർ പ്രസംഗിച്ചു.