സുൽത്താൻ ബത്തേരി: എൻ.എം വിജയന് സാമ്പത്തിക ബാധ്യതയുടെ പേരിൽ അർബ്ബൻ ബാങ്ക് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങൾ ബാങ്കിനെ തകർക്കാനുള്ള നീക്കമാണെന്ന് സുൽത്താൻ ബത്തേരി കോ ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബാങ്ക് വായ്പയുടെ പേരിൽ എൻ.എം. വിജയന്റെ കുടുംബത്തിന് ഇതുവരെ ഒരു നോട്ടീസ് പോലും അയച്ച് ബാങ്ക് ബുദ്ധിമുട്ടിച്ചിട്ടില്ല. ബാങ്കിന് വിജയൻ പണമടക്കാനുണ്ടെങ്കിലും ബാങ്ക് ഒരു നോട്ടീസ് പോലും അയച്ച് നടപടി സ്വീകരിക്കാതിരുന്നത് കോൺഗ്രസ് നേതാക്കളായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും പറഞ്ഞിട്ടാണ്. ഇവരുടെ ബാധ്യത സംബന്ധിച്ച് പാർട്ടി പഠിച്ചു കൊണ്ടിരിക്കുകയാണ്.
ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് എൻ.എം. വിജയൻ ബാങ്കിൽ നിന്ന് ലോൺ എടുത്തത്. 2007ൽ 10ലക്ഷം രൂപയാണ് ഒഡി ആയി എടുത്തത്. ഇത് അടച്ച് പുതുക്കുകയും പിന്നീട് വിവിധ കാലയളവിലായി കൂടുതൽ തുക എടുത്ത് ഇടപാടുകൾ നടത്തിവന്നു. 2017ൽ ലോൺ പുതുക്കാൻ വന്നപ്പോൾ അത് 25 ലക്ഷം രൂപയാക്കുകയും കാർഷിക വായ്പയിലേയ്ക്ക് മാറ്റുകയും ചെയ്തു. 2021 ആയപ്പോഴെക്കും 15 ലക്ഷവും കൂടി കൂട്ടി 45 ലക്ഷമാക്കി. പിന്നീട് കാര്യമായ അടവ് വന്നില്ല. പലിശയടക്കം 69 ലക്ഷം രൂപയായി. ഇതിൽ പലിശയിളവ് ഉൾപ്പെടെ 63 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉള്ളത്. കാര്യങ്ങൾ പഠിക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട എം.എൽ.എമാർ വിഷയം കയ്യോഴിഞ്ഞാൽ ബാങ്ക് തുടർ നടപടികൾ സ്വീകരിക്കും. അതുവരെ ബാങ്ക് ഒരു നടപടിക്കും സ്വീകരിക്കുകയില്ല. ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവർക്ക് ആദ്യം സി.പി.എം പണം നൽകട്ടെ. സി.പി.എം വിജയന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന എം.പി. ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിൽ ബാങ്ക് ഡയറക്ടർമാരായ സി. ബാലൻ, കെ.കെ. അരവിന്ദ്, ബേബി വർഗീസ്, ടി.എം. ഹൈറുദ്ദീൻ എന്നിവർ പങ്കെടുത്തു.