കൽപ്പറ്റ: റോഡ് നവീകരണം പൂർത്തിയായിട്ടും വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. പി.ഡബ്ല്യു.ഡി റോഡ് ജംഗ്ഷൻ മുതൽ പുതിയ ബസ്റ്റാൻഡ് വരെയുള്ള ഭാഗത്താണ് റോഡിലേക്ക് കയറിയ നിലയിൽ വൈദ്യുതി തൂണുകൾ ഉള്ളത്. കൽപ്പറ്റ ടൗൺ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാത നവീകരിക്കുകയും റോഡ് ടാറിംഗ് പൂർത്തിയാക്കുകയും ചെയ്തിട്ടും ടൗണിലെ പലയിടങ്ങളിൽ നിന്നും വൈദ്യുതി തൂണുകൾ റോഡരികിലേക്ക് മാറ്റാൻ നടപടി ഉണ്ടായിരുന്നില്ല.
ഗതാഗതത്തിന് പോലും തടസ്സമാകുന്ന തരത്തിലാണ് പലയിടങ്ങളിലും വൈദ്യുതി തൂണുകൾ ഉള്ളത്. കൽപ്പറ്റ മാതൃഭൂമിക്ക് സമീപമാണ് കൂടുതൽ അപകടസാധ്യതയിൽ വൈദ്യുതി തൂണുകളും ട്രാൻസ്‌ഫോർമറുകളും ഉള്ളത്. റോഡ് അരികിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വാഹനം തട്ടി വൈദ്യുതി തൂണിന് ബലക്ഷയം നേരിട്ടത്. അപകടാവസ്ഥയിലായ വൈദ്യുതി തൂൺ അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിക്കാനുള്ള നടപടിക്കെതിരെ നാട്ടുകാർ രംഗത്തെത്തി. റോഡരികിലേക്ക് മാറ്റി സ്ഥാപിക്കാതെ പ്രവർത്തി അനുവദിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ റോഡരികിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. സമാനമായ രീതിയിൽ മുഴുവൻ പോസ്റ്റുകളും റോഡരികിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.