karadi
കളന്നൂർ പട്ടംചിറ വിശ്വനാഥന്റെ വീട്ടുമുറ്റത്ത് നിന്ന് ചക്ക തിന്നുന്ന കരടി

സുൽത്താൻ ബത്തേരി: കടുവയുടെയും പുലിയുടെയും ശല്യംകാരണം പൊറുതിമുട്ടിയ ജനം ഇപ്പോൾ കരടി ഭീതിയിലും. കഴിഞ്ഞദിവസമാണ് കരടി ചീരാൽ മേഖലയിൽ എത്തിയത്. പ്ലാവിൽ കിടന്ന ചക്ക പറിച്ച് തിന്നു കൊണ്ടാണ് ജനവാസമേഖലയിൽ കടുവ സാന്നിദ്ധ്യം അറിയിച്ചത്. കളന്നൂർ പട്ടംചിറ വിശ്വനാഥന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന പ്ലാവിൽ കയറി ചക്ക പറിച്ചു തിന്നുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേർന്ന തൊഴുത്തിന് സമീപത്ത് നിന്ന് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് പ്ലാവിൽ നിന്ന് ചക്ക പറിച്ചുതിന്നുത് കണ്ടത്. വീട്ടുകാർ ബഹളം വെച്ചതോടെ കരടി ഇരുളിലേക്ക് മറയുകയായിരുന്നു. മാസങ്ങളായി തുടർന്ന് വരുന്ന പുലി ശല്യത്തിന് പിറകെയാണ് കരടിയെത്തിയത്. കഴിഞ്ഞ ഏതാനം മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ചിലർ കരടിയെ കണ്ടെങ്കിലും ആരും അത് അത്രയ്ക്ക് കാര്യമായി എടുത്തില്ല. വരിക്കേരി, ഈസ്റ്റ് ചീരാൽ, പാട്ടത്ത് തുടങ്ങി പ്രദേശങ്ങളിൽ കരടിയെ അടിക്കടി കാണാൻ തുടങ്ങിയതോടെയാണ് മേഖലയിലെ കരടി ശല്യം പുറത്തറിയാൻ തുടങ്ങിയത്. കരടി ജനവാസ മേഖലയിൽ തന്നെ തമ്പടിച്ചു വരുന്നതായി കണ്ടതോടെ ചീരാൽ പുലി ഭീതിയ്ക്ക് പുറമെ കരടി ഭീതിയിലായി. വനപാലകർ സ്ഥലത്തെത്തി കരടിയെ നിരീക്ഷിക്കാൻ ക്യാമറകളും സ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിൽ മുതൽ പ്രദേശത്തെ സ്ഥിരമായ പുലി സാന്നിദ്ധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം ഇരുപത്തിരണ്ടോളം വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ പതിനെട്ടോളം മൃഗങ്ങൾ കൊല്ലപെടുകയും ചെയ്തു. കരടി, പുലി ഭീതി ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കളന്നൂർ പട്ടംചിറ വിശ്വനാഥന്റെ വീട്ടുമുറ്റത്ത് നിന്ന് ചക്ക തിന്നുന്ന കരടി