erattukund
ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്നും മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശനം നേടിയ കുട്ടികൾ പ്രമോട്ടർമരോടൊപ്പം

കൽപ്പറ്റ: മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാൻ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകൾ. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉൾക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ ആളുകളാണ് ഏറാട്ടുകുണ്ടിൽ അധിവസിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിലമ്പൂർ വനാതിർത്തിയോട് ചേർന്ന ചാലിയാർ പുഴയോരത്തെ മലഞ്ചെരുവിലെ ഉന്നതിയിൽ താമസിക്കുന്ന, ഈ വിഭാഗത്തിൽ നിന്നുള്ള അപ്പു, കണ്ണൻ, മണി, അപ്പു, അമ്മു എന്നിവരാണ് വിദ്യയുടെ മധുരം നുണയാൻ സ്‌കൂളിൽ പോയി തുടങ്ങിയത്. ചൂരൽമല ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള ഉന്നതിയിലെ താമസക്കാർ വനത്തിലെ തേൻ, പാട കിഴങ്ങ് എന്നിവ ശേഖരിച്ചാണ് ജീവിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളോടും വിദ്യാഭ്യാസ രീതികളോടും ഏക്കാലത്തും മുഖം തിരിച്ച ഉന്നതിക്കാരെ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ ഏറെ നാളത്തെ ശ്രമകരമായ ഇടപെടലാണ് വേണ്ടിവന്നത്. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജി. പ്രമോദ്, ട്രൈബൽ ഓഫീസർ, പ്രമോട്ടർമാർ എന്നിവരുടെ നിരന്തരമായ ഇടപെടലുകൾ ഒടുവിൽ വിജയം കാണുകയായിരുന്നു. പട്ടികവർഗ വികസന വകുപ്പ്, മറ്റ് വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, സംഘടനകൾ (ശ്രേയസ്), പ്രമോട്ടർമാർ, കമ്മിറ്റഡ് സോഷ്യൽ വർക്കർ എന്നിവരെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയിലേക്ക് നിരന്തര പരിശ്രമങ്ങളിലൂടെയാണ് ഉന്നതിയിലെ രക്ഷിതാക്കളെ എത്തിച്ചത്. രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ വിടാൻ സമ്മതം അറിയിച്ചതോടെ ഉന്നതിയിലെ കൃഷ്ണൻ ശാന്ത ദമ്പതികളുടെ രണ്ട് മക്കളായ അപ്പുവും കണ്ണനും, രാജൻ ശാരദ ദമ്പതികളുടെ മക്കളായ മണിയും അമ്മുവും, കറപ്പന്റെയും ബിന്ദുവിന്റെയും മകൻ അപ്പുവും ഇനി സ്‌കൂളിലെത്തും. സ്‌കൂളിൽ ചേർക്കാനായി കുട്ടികൾക്ക് ഔദ്യോഗിക പേരിടൽ നടത്തിയതും വകുപ്പ് അധികൃതർ തന്നെയാണ്. വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കുട്ടികൾക്ക് ബാഗ്, വസ്ത്രങ്ങൾ എന്നിവ ഓണസമ്മാനമായി നൽകി. സ്‌കൂളിൽ പോകുന്നതിന് മുന്നോടിയായി അപ്പു, കണ്ണൻ, മണി എന്നീ കുട്ടികളെ മേപ്പാടി പ്രീമെട്രിക്ക് ഹോസ്റ്റലിലേക്കും അമ്മുവിനെ സുൽത്താൻ ബത്തേരിയിലെ തേജസ് കിന്റർ ഗാർട്ടനിലേക്കും മാറ്റി. പുറംലോകവുമായി ഇതുവരെ ഇടപെട്ടിട്ടില്ലാത്ത കുട്ടികൾ ഇപ്പോൾ ആളുകളെ കാണുമ്പോൾ ഇടപഴകാനും ഹോസ്റ്റലിലെ മറ്റു കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങിയതായി കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനികാന്ത് പറഞ്ഞു. സ്റ്റുഡന്റ് കൗൺസിലറുടെ സഹായത്തോടെ കുട്ടികൾ പൊതുസമൂഹവുമായി കൂടുതൽ ഇടപഴകാനുള്ള സാധ്യതകൾ കണ്ടെത്തുകയാണ് വകുപ്പ്. വരും ദിവസങ്ങളിൽ കുട്ടികളെ മേപ്പാടി ഗവ. എൽ.പി സ്‌കൂളിലെ എൽ.കെ.ജി ക്ലാസിൽ പ്രവേശിപ്പിക്കും.