7134 കോടി രൂപയുടെ പദ്ധതി
45 മീറ്ററിൽ നാലു വരി
പേരാമ്പ്ര: വ്യവസായ മേഖലയിലും മറ്റും അനന്ത സാദ്ധ്യതകൾക്ക് വഴിയൊരുക്കുന്ന മൈസൂരു – കുട്ട – മാനന്തവാടി – പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. രാത്രിയാത്ര നിരോധനത്തെ തുടർന്ന് ഗതാഗതനിയന്ത്രണം കഴിഞ്ഞു നീങ്ങുന്ന ബന്ദിപ്പൂർ ദേശീയപാതയിലെ ഗതാഗത കുരുക്കിന് ഈ പാതപരിഹാരമാകും. 45 മീറ്ററിൽ 4 വരിയായാണ് ഹൈവേ. 7134 കോടി രൂപയുടെ ഈ പദ്ധതി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി 2024 ജനുവരി അഞ്ചാം തിയതിയാണ് പ്രഖ്യാപിച്ചത്. ഡി.പി.ആർ തയ്യാറാക്കാൻ ഒരു കൺസൾട്ടൻസിയെ നിയോഗിച്ചതായും 2025 ജനുവരിയിൽ അന്തിമരൂപം പുറത്ത് വരുമെന്നും സൂചിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
നടപ്പാക്കാൻ പോകുന്ന നിർദ്ദിഷ്ട കണ്ണൂർ എയർപോർട്ട് - കുറ്റ്യാടി നാലുവരിപ്പാതയും നിലവിലെ സംസ്ഥാന - ദേശീയപാതകളും പണിപൂർത്തിയായിക്കൊണ്ടിരുന്ന മലയോര ഹൈവേയും ഈ റോഡിനോട് ചേരുന്നതോടെ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങൾക്കിടയിൽ മികച്ച റോഡ് നെറ്റ്‌വർക്ക് രൂപപ്പെടും. വിവിധ ടൂറിസം സാദ്ധ്യതകളും ഉപയോഗപ്പെടുത്താൻ സാധിക്കും. നാടിന് ഏറെ പ്രയോജനകരമായ ഈ പാത യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാർ അവശ്യപ്പെടുന്നത്.
24 മണിക്കൂർ ചരക്ക് ഗതാഗതം
കർണാടകയിൽ നിന്നുള്ള ചരക്കു വാഹനങ്ങൾക്ക് കേരളത്തിലേക്ക് രാത്രിയാത്രാ നിരോധനമില്ലാതെ 24 മണിക്കൂർ ചരക്ക് ഗതാഗതം ഉറപ്പ് നൽകുന്ന പാതയായാണ് പ്രഖ്യാപിച്ചിരുന്നത്. കുട്ടയിൽ നിന്ന് സമീപകാലത്ത് കേന്ദ്രം അനുമതി നൽകിയ മൈസൂർ - കുശാൽനഗർ ഗ്രീൻഫീൽഡ് ഹൈവേയിലേക്ക് കണക്റ്റ് ചെയ്യുന്നതോടെ കർണാടകയിലെ ഹസൻ വഴി പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രധാന നഗരങ്ങളിലേക്ക് കോഴിക്കോട് നിന്നും സമാന്തരപാതകൾ തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷ.
ബന്ദിപ്പൂർ ദേശീയപാതയിൽ 766ലെ രാത്രിയാത്ര നിരോധനം ചരക്കുവാഹനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുകയും
യാത്രക്ക് കാലതാമസത്തിന് ഇടയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രീൻഫീൽ പാത പ്രസക്തമാകുന്നത്. ഗതാഗതനിയന്ത്രണം കഴിഞ്ഞു നീങ്ങുകയും ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഒന്നിച്ച് താമരശ്ശേരി ചുരത്തിൽ എത്തി രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്ന സ്ഥിതിയിൽ ഗ്രീൻഫീൽഡ് ഹൈവേ ശാശ്വതപരിഹാരമാകും.
കുഞ്ഞിക്കണ്ണൻ ചെറുക്കാട്, പൊതുപ്രവർത്തകൻ