kattana
കർണ്ണാടകയിലെ ബെള്ള ആനക്യാമ്പിൽ ചരിഞ്ഞ കാട്ടാനകുട്ടി

മാനന്തവാടി: പുൽപ്പള്ളി ചേകാടി സ്‌കൂളിലെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. കർണ്ണാടക നാഗർഹോളെ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട ബെള്ളക്യാമ്പിൽ ചികിത്സയിൽ ആയിരുന്നു ആനക്കുട്ടിയാണ് ചെരിഞ്ഞത്. കഴിഞ്ഞമാസം 18ന് പുൽപ്പള്ളി ചേകാടിയിലെ ഗവ. എൽ.പി. സ്‌കുളിലെത്തിയ കുഞ്ഞനാനയാണ് ചരിഞ്ഞത്. പെറ്റമ്മയുടെ പരിചരണമില്ലാതെ അനാഥനായ ആനക്കുട്ടിയെ വന പാലകർ വെട്ടത്തൂർ വനത്തിൽ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കബനി പുഴ നീന്തി കടന്ന കാട്ടാനക്കുട്ടി കർണാടകയിൽ എത്തി. ബൈരക്കുപ്പയിലെത്തിയ ആനക്കുട്ടി കടഗദ്ദ ഭാഗത്ത് വെച്ച് നാട്ടുകാർ ആനക്കുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ നാഗർഹോളെ വനത്തിനകത്തുള്ള ബെള്ള ആനക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി ചികിത്സ നൽകി വരുന്നതിന്നിടയിലാണ് അസുഖംമൂർച്ചിച്ച് കാട്ടാനക്കുട്ടി ചരിഞ്ഞത്. 3 മാസം മാത്രം പ്രായമുള്ള കുഞ്ഞാനയെ രക്ഷിച്ചെടുക്കാൻ പ്രയാസമാണെന്ന് വനപാലകർ വ്യക്തമാക്കിയിരുന്നു. 6 മാസം വരെ കട്ടിയാഹാരം പറ്റാത്തതിനാൽ ആട്ടിൻ പാൽ മാത്രമാണ് നൽകിയിരുന്നത്. പ്രതികൂല സാഹര്യത്തിലും വനപാലകരും പാപ്പാൻമാരും കുട്ടിയാനയെ സംരക്ഷിക്കാൻ ഒരു മാസത്തോളം കഷ്ടപ്പെട്ടു. എല്ലാവരോടും ഇണങ്ങി ഓടിക്കളിച്ചിരുന്ന ആനക്കുട്ടിയുടെ വയറ്റിൽ അണുബാധയുണ്ടാവുകയും ക്ഷീണിച്ച് അവശനായി ഏതാനും ദിവസമായി കിടപ്പിലാവുകയും ചെയ്ത ശേഷമാണ് കാട്ടാനക്കുട്ടി ചരിഞ്ഞത്.