സുൽത്താൻ ബത്തേരി: ദേശീയ പാത 766 കൊളഗപ്പാറ കവല സ്ഥിരം അപകടമേഖലയായി മാറുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. ഇതിൽ ഒരാൾക്ക് ജീവനും നഷ്ടമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം വാഹനപകടമാണ് ഇവിടെ ഉണ്ടായത്. അമ്പലവയൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദേശീയ പാതയിലേയ്ക്ക് കടക്കുന്ന ഭാഗമാണിത്. ദേശീയ പാതയിൽ കോഴിക്കോട്, മൈസൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ അമ്പലവയൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഹൈവേയിൽ വാഹനത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ അമ്പലവയൽ ഭാഗത്തേയ്ക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴും അപകടം സംഭവിക്കുന്നു. ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കവല ഭാഗത്ത് വേഗത കുറക്കണമെന്ന ഒരു നിർദേശക ബോർഡ്‌പോലും ഇല്ലാത്തതിനാൽ വാഹനങ്ങൾ വരുന്ന വേഗതയിൽ തന്നെ കടന്നുപോകുന്നതും അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കൊളഗപ്പാറ കവലയിൽ വെച്ച് കാൽനടയാത്രികനായ യുവാവിന് വാഹനമിടിച്ച് ജീവൻ നഷ്ടമായത്. മുട്ടിൽ പരിയാരം സ്വദേശി അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്കു താമസിക്കുന്ന മുരളി (45) ആണ് മരിച്ചത്. കൽപ്പറ്റ ഭാഗത്തുനിന്നെത്തിയ മുരളി കവലയിൽ ബസിറങ്ങിയശേഷം അമ്പവലയൽ ഭാഗത്തേക്ക് നടക്കുമ്പോഴായിരുന്നു അപകടം. പാത മുറിച്ചുകടക്കവെ ബത്തേരി ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുരളിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സ്ഥിരം അപകടമേഖലയായ കൊളഗപ്പാറയിൽ ഒരിടവേളയ്ക്കുശേഷമാണ് വീണ്ടും അപകടമുണ്ടാകുന്നത്. വ്യാഴാഴ്ചയാണ് ആദ്യത്തെ അപകടം നടന്നത്. കൊളഗപ്പാറയിലെ സർവീസ് സ്റ്റേഷനുമുൻവശത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും കാറുകൾക്ക് കേടുപറ്റി. ശനിയാഴ്ച ഇതിന്റെ തൊട്ടടുത്ത് വീണ്ടും അപകടമുണ്ടായി. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചശേഷം പാതയോരത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. സമീപത്തുളള വൻമരത്തിൽ തട്ടാതിരുന്നതിനാൽ വലിയ അപകടമുണ്ടായില്ല. ഇരുവാഹനത്തിലെയും യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നു കാറുകൾക്കും സാരമായ കേടുപാടുപറ്റി. ബീനാച്ചി എക്സ് സർവ്വീസ്‌മെൻ കോളനി മുതൽ പാതിരിപ്പാലം വരെ ദേശീയപാതയിൽ അപകട സാധ്യത ഏറെയാണ്.