കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് തുടക്കമിട്ട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി. ജനഹിതം മാനിച്ച് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ നിർമ്മിക്കണമെന്ന ആവശ്യവുമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. വാട്ടർ അതോറിറ്റി ഓഫീസ് പരിസരത്തു നിന്നും പ്രകടനമായാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപേർ സമരത്തിൽ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി എൽദോ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് അട്ടിമറിക്കാനായി വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2018ലെ പ്രളയ കാലത്ത് മറ്റൊരു പഠനത്തിനായി ജില്ലയിൽ എത്തിയ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ കൊണ്ട് ഒരു കാരണവുമില്ലാതെയാണ് മെഡിക്കൽ കോളജ് ഭൂമി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഭൂമിയിൽ വിശദമായ ഒരു പഠനവും നടത്തിയിട്ടില്ല. ഉരുൾപൊട്ടൽ ദുരന്ത സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ട് നൽകിയെന്ന് കാണിച്ചാണ് ജില്ലയിലെ തന്നെ ഏറ്റവും അനുയോജ്യമായ ഭൂമി ഉപേക്ഷിച്ചത്. ഇതിന് പിന്നിലെ താത്പര്യം എന്താണെന്ന് അധികൃതർ വ്യക്തമാക്കണം. നേരത്തെ ജില്ലാ ആശുപത്രിയായി പ്രവർത്തിച്ചിരുന്നത് മെഡിക്കൽ കോളേജ് ആക്കി ഉയർത്തുകയായിരുന്നു. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിരുന്നില്ല. വയനാടിന്റെ ഭൂരിഭാഗം മേഖലകളിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്താണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. ജില്ലയുടെ ഹൃദയഭാഗം എന്ന നിലയ്ക്ക് മടക്കിമലയിലെ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് നിർമിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എം.എൽ.എ സമരത്തെ അഭിവാദ്യം ചെയ്തു. സമിതി ചെയർപേഴ്സൺ കെ.എൻ പ്രേമലത അദ്ധ്യക്ഷനായിരുന്നു. കൺവീനർ കെ.വി ഗോകുൽദാസ്, സാംപി മാത്യു
തുടങ്ങിയവർ പ്രസംഗിച്ചു.