പുൽപ്പള്ളി: വയനാട് ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരായ അഞ്ചുപേർ ആത്മഹത്യ ചെയ്തതിന്റെ കാരണം കോൺഗ്രസ് നേതാക്കളുടെ വഞ്ചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയരാജൻ പറഞ്ഞു. പുൽപ്പള്ളിയിൽ സി.പി.എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധം സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളോടും ഇപ്പോഴും പ്രതികാരത്തോടെ പെരുമാറുകയാണ് കോൺഗ്രസ്. വലിയ സൈബർ ആക്രമണമാണ് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നേരെ കോൺഗ്രസ് നടത്തുന്നത്‌. ജോസ് നെല്ലിയേടം പാർട്ടിക്കുവേണ്ടി അഹോരാത്രം പണി ചെയ്താൽ വ്യക്തിയാണ്. എന്നാൽ അദ്ദേഹം മരണപ്പെട്ടതിനുശേഷം എം.എൽ.എയോ എം.പിയോ ആ വീട്ടിലേക്ക് എത്തുകയോ കുടുംബത്തെ ആശ്വസിപ്പിക്കുവാനോ തയ്യാറായില്ല. ഇതിന്റെയെല്ലാം അടിസ്ഥാന കാരണമെന്നു പറയുന്നത് കോൺഗ്രസിന്റെ ഇടയിലുള്ള ഗ്രൂപ്പ് പോരാണ്. ഇവരുടെ ഗ്രൂപ്പ് പോര് കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ എടുക്കുന്ന നിലയിലേക്ക് വരെ എത്തിയിരിക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. രുക്മണി സുബ്രഹ്മൻ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സി.കെ ശശീന്ദ്രൻ, എ.എൻ പ്രഭാകരൻ, എം.എസ് സുരേഷ് ബാബു, കെ.എം ഫ്രാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു.