കുന്ദമംഗലം: ഓവുചാലിലെ ഒഴുക്ക് മുടക്കി ബസ് കാത്തിരിപ്പ് കേന്ദ്രം. കുന്ദമംഗലം മർകസ് കവാടത്തിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഓവുചാൽ നിർമ്മാണത്തിന് തടസം നിൽക്കുന്നത്. മർകസ് അധികൃതർ നിർമ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരുഭാഗത്തും ഓവുചാൽ മുട്ടി നിൽക്കുകയാണ്. ഈ താത്ക്കാലിക ബസ് സ്റ്റോപ്പ് പൊളിച്ച് അൽപ്പം പിറകോട്ട് നീക്കിയാൽ ഓവുചാൽ തടസമില്ലാതെ പോകുമായിരുന്നെങ്കിലും ദേശീയപാത അധികൃതർ അതിന് തുനിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാരന്തൂരിനും കുന്ദമംഗലം അങ്ങാടിക്കും നടുവിലുള്ള ദേശീയപാതയോരത്തെ തട്ടുകടകളും കച്ചവടക്കാർ ദേശീയപാതയിലേക്ക് ഇറക്കിവെച്ചുള്ള അനധികൃത ഷെഡുകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയാണ് ഓവുചാൽ നിർമ്മാണം നടന്നത്.
വർഷങ്ങൾക്ക് മുമ്പ് കുന്ദമംഗലം ഗ്രാമ പഞ്ചായത്താണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരുന്നു. എന്നാൽ വാഹനമിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായും തകർന്നപ്പോൾ ദേശീയപാതയോരത്ത് പുതിയത് നിർമ്മിക്കുവാൻ കടമ്പകളേറെയായിരുന്നു. ഒടുവിൽ മർകസ് അധികൃതരാണ് ഇവിടെ ബസ് സ്റ്റോപ്പ് നിർമ്മിച്ചത്. ഓവുചാൽ സ്ലാബിട്ട് മൂടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഓവുചാലിലെ വെള്ളം എങ്ങനെ ഒഴുകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇനി നടപ്പാത വരുമ്പോൾ എന്തുചെയ്യുമെന്നും ചോദ്യമുയരുന്നുണ്ട്.
ഓവുചാലിന് തടസമുണ്ടാകാതെ ബസ്സ്റ്റോപ്പ് പൊളിച്ച് പിറകോട്ട് നീക്കുകയോ തൊട്ടടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ വേണം.
സി.പി.രമേശൻ, പൊതുപ്രവർത്തകൻ