news-
പത്ത് വർഷമായിട്ടും ഇനിയും തുറക്കാത്ത വെറ്റിനറി സബ്ബ് സെൻ്റർ

കുറ്റ്യാടി: പത്ത് വർഷമായിട്ടും തുറക്കാതെ കുറ്റ്യാടി പഞ്ചായത്തിലെ ഊരത്തുള്ള വെറ്റിനറി സബ് സെൻ്റർ. നിലവിൽ ഇത് ഹരിതകർമസേനയ്ക്ക് നിക്ഷേപിച്ച മാലിന്യം ശേഖരിക്കാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. 2015ൽ അന്നത്തെ കൃഷി മന്ത്രി കെ.പി.മോഹനൻ ഈ സബ് സെൻ്റർ ഉദ്ഘാടനം ചെയ്തത്. ലോകബാങ്ക് സഹായം അടക്കം 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനം പൂർത്തികരിച്ചത്. പക്ഷെ നാളിതുവരെയായിട്ടും വെറ്ററിനറി സെന്റർ തുറന്ന് പ്രവർത്തിച്ചിട്ടില്ല. അന്ന് വെറ്ററിനറി സെൻ്റർ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തി സൗജന്യമായി സ്‌ഥലം നൽകിയതാണ്. കെട്ടിട പണി കഴിഞ്ഞെങ്കിലും പിന്നീട്ട് തുറന്ന് പ്രവൃത്തിക്കാനുള്ള നടപടികൾ ആയില്ല.

കഴിഞ്ഞ മഴക്കാലത്ത് സബ് സെൻ്ററിൽ വെള്ളം കയറി, മുൻവശത്തുള്ള നെൽപാടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം എത്തിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യ ശേഖര കേന്ദ്രമായി മാറിയ പലയിടത്തും കിടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകി സമീപത്തെ അങ്കണവാടിയിലും സമീപത്തെ വീട്ടുകാർക്കും പ്രയാസമുണ്ടാവുകയാണെന്നും പരാതിയുണ്ട്. ഇവിടുത്തെ മാലിന്യം മാറ്റി സബ് സെന്റർ തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്ത് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത വെറ്ററിനറി സബ് സെന്റർ പ്രവർത്തനമാരംഭിക്കാൻ ഇനിയും കഴിയാത്തത് പഞ്ചായത്തിന്റെ അനാസ്‌ഥയാണ്. ഇത് ഉടൻ തുറക്കണം

പി.കെ.സുരേഷ്, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്

ഊരത്തെ വെറ്ററിനറി സബ് സെന്റർ ഉടൻ പ്രവർത്തന സജ്ജ മാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്ന്

ഇ.എം.അസ്ഹർ, നാട്ടുകാരൻ