sathi
പുതുതായി നിർമ്മിച്ച പാമ്പൻ പാലം

ബേപ്പൂർ: പാമ്പൻ പാലം തുറക്കാത്തതിനാൽ പ്രതിസന്ധിയിലായി ബേപ്പൂരിലേക്കുള്ള ഉരുക്കൾ. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആറ് ഉരുക്കളാണ്. തമിഴ്നാട് കടലൂർ ഭാഗത്ത് പാമ്പൻ പാലം തുറക്കാത്തതിനാൽ തിരിച്ചെത്താനാവാതെ കിടക്കുന്നത്. 25 ന് പാലം തുറക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും തീരുമാനമായില്ല. രാമേശ്വരത്തു നിന്ന് പാമ്പൻ ദ്വീപിലേക്ക് പുതുതായി നിർമ്മിച്ച പാമ്പൻ പാലത്തിത്തിൻ്റെ നിർമ്മാണം 2024 ൽ പൂർത്തിയായി 2025 ഏപ്രിലിൽ പ്രവർത്തനമാരംഭിച്ചതാണ്. വൻകിട ഉരുക്കൾക്കും കപ്പലുകൾക്കും കടന്ന് പോകാനായി 17 മീറ്റർ ഉയരത്തിലേക്ക് നീക്കാവുന്ന 63 മീറ്റർ നീളത്തിൽ നിർമ്മിച്ച നാവിഗേഷൻ സ്പാനിംഗ് ഉയർത്തി പാത ഒരുക്കാനുള്ള സംവിധാനം പൂർത്തിയാകാത്തതിനാലാണ് ഉരുക്കൾ കുടുങ്ങി കിടക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിംഗ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ 535 കോടി രൂപ ചിലവഴിച്ചാണ് 2.05 കിലോമീറ്റർ ദൈർഘ്യമുള്ള പാമ്പൻ പാലം പുതുക്കി നിർമ്മിച്ചത്. കപ്പലുകൾക്ക് കടന്ന് പോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റിംഗ് പാലമാണിത്. മേയ് 15 മുതൽ സെപ്തംബർ 15 വരെ ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കത്തിന് നിരോധനം നിലവിലുളളതിനാൽ ബേപ്പൂരിലെ ഉരുക്കൾ ഈ കാലയളവിൽ അറ്റകുറ്റപണിക്കായി കടലൂർ ഭാഗത്തേക്ക് പോകുന്നത് പതിവാണ്. ഇത്തരത്തിൽ അറ്റകുറ്റപ്പണിക്കായി പോയ ഉരുക്കളാണ് കുടുങ്ങിക്കിടക്കുന്നത്. സീപ്രിൻസ്, ശൈലേശ്വർ, ദ്വിപ്ദർശൻ, കാവ്യ, പുതിയ രണ്ട് ഉരുക്കൾ എന്നിവയാണ് കുടുങ്ങിക്കിടക്കുന്നത്.