സുൽത്താൻ ബത്തേരി: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും സുരക്ഷിതത്വത്തിനുമായി പ്രവർത്തിക്കുന്ന ധീര ജവാൻമാരുടെ കുടുംബത്തിന് സംരക്ഷണവും പിന്തുണയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണെമന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. വയനാട് ചേംബർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ജവാൻമാരുടെ ഭാര്യമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുൽത്താൻ ബത്തേരി നഗരസഭാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 47 പേരെ ആദരിച്ചു. മാറിമാറി വരുന്ന സർക്കാരുകൾ സൈനികരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. രണ്ടാം ലോക മഹാ യുദ്ധത്തിൽ ലോകത്തെമ്പാടുമായി 72 ദശ ലക്ഷത്തോളം പേർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 87000 ത്തിലധികം ഇന്ത്യൻ സൈനികരാണ്. ജില്ലാ സൈനിക ക്ഷേമ ബോർഡ്, സൈനിക സമൂഹം, സൈനികരുടെ സംഭാവന ആരോഗ്യ പദ്ധതി, എക്സ് സർവീസ് മെൻ കമ്മ്യൂണിറ്റി വയനാട് ബ്ലഡ് ഡോണെഷൻ കമ്മിറ്റി, കണ്ണൂർ ഡിഫൻസ് സർവീസ് സൊസൈറ്റി, സർക്കാർ സ്ഥാപനങ്ങൾ, പൊതു സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി പരിപാടിയിൽ പ്രദർശിപ്പിച്ചു. വീര വനിതകൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പട്ടാണി, ബ്രിഗേഡിയർ ജോർജ്, കേണൽ ഡി. സുരേഷ് ബാബു, ലെഫറ്റനന്റ് കേണൽ വി.ഡി. ചാക്കോ, ജില്ലാ സൈനിക വെൽഫയർ ഓഫീസർ ക്യാപ്റ്റൻ വിനോദ് മാത്യു, ക്യാപ്റ്റൻ വി.കെ ശശീന്ദ്രൻ, പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധി വിശ്വാനന്ദൻ, വി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.