f

കോഴിക്കോട് : വധശിക്ഷയിൽ നിന്നും മോചിതനായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി. കീഴ്ക്കോടതി വിധി ശരിവച്ച് സൗദി സുപ്രിംകോടതിയുടെയാണ് ഉത്തരവ്. 20 വർഷം തടവുശിക്ഷ മതിയെന്ന വാദം കോടതി ശരിവച്ചു. ഹർജി തള്ളിയതോടെ ഇനി റഹീമിനെതിരെ മറ്റു നടപടികളുണ്ടാവില്ല. ജയിൽ കാലാവധി പൂർത്തിയാക്കി അടുത്ത വർഷം റഹീമിന് പുറത്തിറങ്ങാൻ സാധിച്ചേക്കും. മെയ് 26ന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ 9 ന് അപ്പീൽ കോടതി ശരിവച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുൾ റഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുൾറഹീമിന്റെ അഭിഭാഷകരായ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു.