2
പടം: നാദാപുരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ നിമ്മിച്ച വയോജന പാർക്ക്.

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മിച്ച വയോജന പാർക്ക് നോക്ക് കുത്തിയാവുന്നു. 2014ൽ 40,000 രൂപ ചിലവഴിച്ചാണ് നാദാപുരം ഗ്രാമപഞ്ചായത്ത് വാണിമേൽ പുഴയോരത്തെ ചിയ്യൂരിൽ വയോജന പാർക്ക് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ഫണ്ട് വിനിയോഗിച്ചായിരുന്നു കെട്ടിട നിർമ്മാണം. വയോജന പാർക്കിന് വേണ്ടി കെട്ടിടം നിർമ്മിച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. കെട്ടിടം നിർമ്മിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ വൈദ്യുതി വകുപ്പ് വൈദ്യുതി കണക്ഷനും നൽകിയില്ല. വയോജനങ്ങൾക്ക് വിശ്രമിക്കാനും വിനോദത്തിനുമായാണ് പാർക്ക് സ്ഥാപിച്ചത്. ഇപ്പോൾ എല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.

മഴയിൽ വെള്ളം കയറും

മഴക്കാലത്ത് പുഴയിൽ വെള്ളം പൊങ്ങുന്നതിനൊപ്പം കെട്ടിടത്തിനകത്തും വെള്ളം കയറുന്നതും വിനയായി.

പുഴയോരത്ത് കെട്ടിടം നിർമ്മിക്കുമ്പോൾ തന്നെ നിർമ്മാണത്തിന്റെ അശാസ്ത്രീയത പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചതാണെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉദ്ഘാടനം നടന്നതല്ലാതെ

തുറന്ന് പ്രവർത്തിച്ചിട്ടില്ല.


വയോജന പാർക്കിൻെറ കെട്ടിടം ഉപയോഗ ശൂന്യമായത് പഞ്ചായത്തിന്റെ അനാസ്ഥയാണ്. ഇതിനെതിരെ അന്വേഷണം വേണം. അടിയന്തരമായി വയോജന കേന്ദ്രം പുനർ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം പഞ്ചായത്ത് കൈക്കൊള്ളണം.

സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് നാദാപുരം ഏരിയ കമ്മിറ്റി