1
1.ഗോസായി കുന്നിൽ നിന്നുള്ള കടൽ കാഴ്ച 2.ഗോസായി കുന്നിലേക്കുള്ള വഴി ഗേറ്റ് വെച്ച് അടച്ച നിലയിൽ 3. കെ. കെ.രമ എംഎൽഎ 4.അബൂബക്കർ . വി.പി

വടകര: വർക്കലയിലെ ക്ലിഫ് പോലെ കടൽത്തീരവും കുന്നിൻമുകളിലെ കടൽക്കാഴ്ചകളുമായി വശ്യസുന്ദരമായ

ഗോസായികുന്ന് തുറക്കണമെന്ന ആവശ്യം പരക്കെ ഉയരുകയാണ്. സാമൂഹ്യവിരുദ്ധർ കുന്ന് കീഴടക്കിയപ്പോൾ നാട്ടുകാരുടെ പ്രതിഷേധം പരിഗണിച്ച് ഗോസായികുന്ന് കമ്പിവേലി കെട്ടിയടച്ച കുന്ന് തീരത്ത് നിന്നും നൂറടിയോളം ഉയരത്തിലാണ്.

മുകളിലേക്ക് കയറാൻ അനുവാദമില്ല. വിനോദകേന്ദ്രം അടച്ചിടുന്നതിൽ സഞ്ചാരികൾക്കും നാട്ടുകാർക്കും അതൃപ്തിയുണ്ട്.

ഗാർഡുമാരേയോ ഗൈഡുമാരേയോ നിയോഗിച്ച് ഇവിടം തുറന്നിടണമെന്ന നിർദ്ദേശമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്.

കാമറാ നിരീക്ഷണവും ഒരു പരിധിവരെ ഫലപ്രദമാകും.

തീരദേശ റോഡ് - പ്രഖ്യാപനം മാത്രം!

തീരദേശ റോഡ് ഇപ്പോഴും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. വടകര കൈനാട്ടിയിൽ നിന്ന് പടിഞ്ഞാറേക്ക് നീളുന്ന റോഡുകൾ ഗോസായിക്കുന്നിൻ ചെരുവിലാണെത്തുക. പ്രധാന പ്രതിസന്ധി ഇവിടെ എത്തിച്ചേരാനുള്ള റോഡാണ്.

ഒഞ്ചിയം - ചോറോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൻ്റാട തോടിന് പാലം നിർമ്മിച്ച് തീരദേശ റോഡ് യാഥാർത്ഥ്യക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൈനാട്ടിൽ നിന്നും കേളുബസാറിൽ നിന്നും നീളുന്ന വഴികളെല്ലാം ഗോസായി കുന്നിലേക്കാണെങ്കിലും ഒട്ടും വീതിയില്ലാത്ത ഈ റോഡുകളിൽ ഇരുവശത്തേക്ക് ഒരുമിച്ച് വാഹനങ്ങൾ വന്നാൽ ദീർഘനേരം കുരുങ്ങിപ്പോകുന്ന സാഹചര്യമാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡ് വീതി വർദ്ധിപ്പിച്ച് യാത്ര സൗകര്യവും കൂടി മെച്ചപ്പെടുത്തിയാൽ ഈ മേഖലയിലെ മികച്ച ടൂറിസം കേന്ദ്രമായി മാറും. പ്രാദേശിക വികസനത്തിനും വഴിവെക്കുന്ന ഗോസായിക്കുന്ന് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

" കല്ലൻ്റാട തോടിന് പാലം നിർമ്മിച്ച് തീരദേശ റോഡ് യാഥാർത്ഥ്യമായാൽ പ്രദേശത്തിന് വികസന കുതിപ്പുണ്ടാവും മത്സ്യത്തൊഴിലാളികൾക്കും വലിയ അനുഗ്രഹമാവും. പുലർച്ചെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഹാർബറിലെത്താൻ തോടു കടന്നും ദേശീയപാത വഴി ചുറ്റിയുമാണ് പോകുന്നത്. ഇതുവഴിയുള്ള യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് അടിയന്തരമായി വേണ്ടത് "

അബൂബക്കർ വി.പി,മെമ്പർ,ചോറോട് പഞ്ചായത്ത്

"പ്രധാനമന്ത്രി സഡക്ക് യോജനയിൽ ഉൾപ്പെടുത്തി കല്ലിൻ്റവിട - ഗോസായിക്കുന്നു റോഡും തുരുത്തിമുക്ക് - കരിങ്ങാലി മുക്ക് റോഡും യാഥാർത്ഥ്യമാക്കാൻ ആവശ്യപ്പെട്ടതിൽ ആദ്യഘട്ട അനുമതിയായിട്ടുണ്ട്. എസ്.എൽ.എസ്.സി കമ്മറ്റിയുടെ അനുമതിക്ക് കാത്തിരികയാണ്. ഒന്നരക്കോടി രൂപയുടെ പദ്ധതി പ്രദേശത്തിന് വലിയ മുന്നേറ്റമുണ്ടാക്കും "

കെ.കെ രമ എം.എൽ.എ