മാനന്തവാടി: സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ. അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യവും കാര്യക്ഷമവുമായ നിയമസേവനം നൽകുന്നതിനും സാമ്പത്തികമോ മറ്റ് പരാധീനതകളോ കാരണം ആർക്കും നീതി നേടാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ക്ലിനിക്കിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗജന്യ നിയമസഹായവും നിയമപരിരക്ഷയും സ്ഥാപനത്തിലൂടെ ലഭ്യമാക്കും. സമൂഹത്തിൽ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക, ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക, നിർധനർക്കും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും പൊതുജനങ്ങൾക്കും സേവനം നൽകുക എന്നിവയാണ് നിയമ സേവന ക്ലിനിക്കിന്റെ ലക്ഷ്യം. കൽപ്പറ്റ ജില്ലാ നിയമ സേവന അതോറിറ്റിയുടെയും മാനന്തവാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ ഉച്ച രണ്ട് മുതൽ 3.30 വരെ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നിയമ സേവന ക്ലിനിക്ക് പ്രവർത്തിക്കും. സൗജന്യ നിയമ സഹായം, സൗജന്യ നിയമോപദേശം, നിയമ ബോധവത്ക്കരണ പരിപാടികൾ, ലോക് അദാലത്തുകൾ, ഗ്രാമീണ നിയമസേവന കേന്ദ്രങ്ങൾ എന്നീ സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കും. പ്രത്യേക കോടതി ജില്ലാ ജഡ്ജിയും മാനന്തവാടി അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയുമായ ടി. ബിജു അദ്ധ്യക്ഷനായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ.കെ വർഗീസ്, മാനന്തവാടി നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, സബ് ജഡ്ജി സീനിയർ ഡിവിഷൻ അനീഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു.