news-
മുണ്ടകുറ്റി ഭാഗത്തെ പാതയോരം കാട്കയറിയ നിലയിൽ

കുറ്റ്യാടി: കാടുപിടിച്ച് മുള്ളൻകുന്ന് - പശുക്കടവ് റോഡിലെ മുണ്ടകുറ്റി - മൊയിലോത്തറ ഭഗവതി ക്ഷേത്ര റോഡ് ജംഗ്ഷൻ റോഡരിക്. വള്ളിച്ചെടികളും മറ്റും റോഡിലേക്ക് കയറികിടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കേ‍ണ്ട അവസ്ഥയാണ്. കരിങ്കൽ ക്വാറികളിൽ ഉൾപെടെ നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്ന് പോകുന്ന ഈ റോഡരികിൽ എല്ലാം ഈ അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളിലും കാട് പിടിച്ചിരിക്കുകയാണ്. റോഡിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചെങ്കിലും പാതയോരങ്ങളിലെ കോൺക്രീറ്റ് പാതിവഴിയിൽ നിന്ന് നിർത്തിവച്ചതാണ് ഈ ഭാഗങ്ങളിൽ കാടുകയറാൻ കാരണമായത്.

തുറന്നിട്ട് ഓവുചാലുകളും

ഓവുചാലുകൾക്ക് മുകളിലെ സിമൻ്റ് പാളികൾ സ്ഥാപിക്കാതെ തുറന്ന് കിടക്കുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. ഗ്രാമപ്രദേശമായതിനാൽ തന്നെ സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴി കൂടിയാണിത്. എൽ.കെ.ജി ഉൾപെടെയുള്ള വിദ്യാലയങ്ങൾ റോഡിൻ്റെ പരിസരത്താണെന്നതും ഭീതി വർദ്ധിപ്പിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യമുണ്ടാക്കുകയും ഓവുചാലുകൾ അടയ്ക്കുകയും വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡരികിലെ കാടുവെട്ടി തെളിയിക്കുകയും ഓവുചാലിന് മുകളിൽ സിമൻ്റ് പാളികൾ സ്ഥാപിക്കുകയും വേണം. അമിത വേഗതയിൽ ഓടുന്ന വാഹനങ്ങൾ ഉൾപ്പെടെ അപകടസാദ്ധ്യതയുള്ള ഈ ഭാഗങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സംവിധാനങ്ങൾ ഉണ്ടാവണം.

മത്തത്ത് മോഹനൻ, വ്യാപാരി സാമൂഹ്യ പ്രവർത്തകൻ, മരുതോങ്കര