photo
പൊട്ടിത്തകർന്ന പൂനൂർ - മൊകായിക്കൽ - എം.എം. പറമ്പ് റോഡ് ഇക്കഴിഞ്ഞ ശനിയാഴ്ച ടാറിംഗ് നടത്തി കുഴികൾ അടയ്ക്കുന്നു

പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ പൂനൂർ - മൊകായിക്കൽ - എം.എം. പറമ്പ് റോഡ് വീണ്ടും കുഴിക്കുന്നതിനാൽ വലഞ്ഞ് നാട്ടുകാർ. ഏറെക്കാലം പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്ന റോഡ് പ്രദേശവാസികളുടേയും മറ്റും നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുഴികളടച്ച് ഗതാഗത യോ ഗ്യമാക്കിയത്. ഇതോടെ പ്രശ്നപരിഹാരമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഗ്യാസ് പൈപ്പ് ഇടുന്നതിനായി റോഡിൻ്റെ സൈഡിലൂടെ വീണ്ടും കീറിത്തുടങ്ങിയത്. ഇതോടെ റോഡിലൂടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.

ബസ് സർവീസ് ഇല്ലാത്ത ഈ റൂട്ടിൽ ഓട്ടോറിക്ഷകൾ കൂടി ഓടാതായാൽ ജനം ആകെ ദുരിതത്തിലാകും. മാസങ്ങളോളം റോഡ് തകർന്നതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായിരുന്ന ജനങ്ങൾക്ക് അല്പം ആശ്വാസം കിട്ടിയപ്പോഴാണ് ഇരുട്ടടി പോലെ ഇപ്പോൾ ഈ പ്രവൃത്തി നടത്തുന്നത്. റോഡിലെ കുഴികൾ അടയ്ക്കും മുമ്പ് ഗ്യാസ് പൈപ്പിടൽ പ്രവൃത്തി നടത്തണമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഉടൻ പൈപ്പിടൽ പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

റോഡ് ഇനിയും പൊട്ടിപ്പൊളിഞ്ഞ് ചെറു വാഹനങ്ങൾക്ക് വരാൻ പറ്റാത്ത അവസ്ഥയായാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാകും. എത്രയും പെട്ടന്ന് ശാശ്വതമായ പരിഹാരം കാണണം.

മനോജ് മെക്കായിക്കൽ, പ്രദേശവാസി