പേരാമ്പ്ര: 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് പുനർനിർമ്മിച്ച കുരുവത്ത് കണ്ടിതാഴ - കോക്കോട് - പന്തിരിക്കര റൂട്ടിൽ ബസ്റൂട്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചങ്ങരോത്ത്, കൂത്താളി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന രണ്ടു കിലോമീറ്ററിലധികം ദൂരത്തിലുള്ള പാത പേരാമ്പ്ര താനിക്കണ്ടി ചക്കിട്ടപാറ റോഡിലേക്കുള്ള എളുപ്പമാർഗമാണ്.10 വർഷം മുമ്പാണ് ഈ പാത അരക്കോടിയോളം രൂപ ചെലവിൽ പ്രളയപദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ചത്. കുറ്റ്യാടി - കോഴിക്കോട് സംസ്ഥാനപാതയിലെ കടിയങ്ങാട് - കൂത്താളി മേഖലയിൽ ഗതാഗത സ്തംഭനമുണ്ടാകുമ്പോൾ ഇതുവഴി വാഹനം തിരിച്ചുവിട്ടതായും അത്തരം ഘട്ടങ്ങളിലും മറ്റും ബൈപ്പാസിൻ്റെ പ്രയോജനം ലഭിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
കാർഷിക മേഖലയിലൂടെ കടന്നു പോകുന്ന പാത വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളിലെത്താനുള്ള പ്രധാന മാർഗമാണ് .പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് പന്തിരിക്കര വഴി പോരാമ്പ്ര ടൗണിലെത്താനുള്ള എളുപ്പമാർഗവുമാണ്. എന്നാൽ ഈ പാത പലപ്പോഴും അവഗണിക്കപ്പെടുന്നതായും റോഡിൻ്റെ പലസ്ഥലങ്ങളിലും പാടെ പൊട്ടിതകർന്ന് ചെളിക്കുളമായി യാത്രാ ദുരിതം അനുഭപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. ചായികുളത്തിനു സമീപം റോഡ് തകർന്ന് കുഴി രൂപപ്പെട്ട് ചെളിവെള്ളം നിറഞ്ഞ നിലയിലാണ്. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. റോഡിലെ ശോച്യാവസ്ഥ പരിഹരിച്ച് ബസ് റൂട്ട് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേരാമ്പ്രയിൽ നിന്നും താനിക്കണ്ടി വഴി ചായികുളം, കോക്കാട്, പന്തിരിക്കര വഴി പെരുവണ്ണാമൂഴിയിലേക്കും തിരിച്ച് പേരാമ്പ്രയിലേക്കും അപകടങ്ങൾ കുറഞ്ഞതും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. എന്നാൽ തകർന്ന് ചെളിവെള്ളം നിറഞ്ഞിരിക്കയാണ്. നിരവധി സ്ക്കൂൾ ബസുകളും ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
പലതവണ ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. റോഡ് നന്നാക്കി ബസ് റൂട്ട് അനുവദിക്കാൻ നടപടി വേണം.
പ്രകാശൻ,പന്തിരിക്കര, പൊതുപ്രവർത്തകൻ