സുൽത്താൻ ബത്തേരി: ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ച ഗോത്രകർഷകൻ ആത്മഹത്യ ചെയ്ത സംഭവവത്തിൽ കോൺഗ്രസ് പ്രവർത്തകർ കേരള ഗ്രാമീൺ ബാങ്കിന്റെ സുൽത്താൻ ബത്തേരി ശാഖ ഉപരോധിച്ചു. തുടർന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ കുടുംബത്തിന് പതിനായിരം രൂപ ധനസഹായം നൽകാമെന്നും ബാങ്ക് ലോൺ എഴുതി തള്ളുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നെന്മേനി പത്തൊമ്പത് അമ്പുകുത്തി പണിയ ഉന്നതിയിലെ ശങ്കരൻകുട്ടി (75) എന്ന കർഷകനാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ തൂങ്ങിമരിച്ചത്. സുൽത്താൻ ബത്തേരി ഗ്രാമീൺ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ പേരിൽ തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ പറഞ്ഞ് രണ്ട് ദിവസം മുമ്പ് നോട്ടീസ് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് ശങ്കരൻകുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്. ഗോത്രവർഗ്ഗക്കാർ ലോൺ എടുത്തത് കുടിശിഖയായിട്ടുണ്ടെങ്കിൽ നിയമ നടപടിയ്ക്ക് പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ടതായിരുന്നുവെന്നും അതുപോലും ചെയ്യാതെയാണ് ബാങ്ക് നിയമ നടപടിയ്ക്ക് തുനിഞ്ഞതെന്ന് പ്രതിഷേധക്കാർ.
രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കുടുംബത്തിന് അടിയന്തരമായി പതിനായിരം രൂപ ധനസഹായം നൽകാമെന്നും വായ്പയെഴുതി തള്ളുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തിന് കോൺഗ്രസ് നേതാക്കളായ ഉമ്മർ കുണ്ടാട്ടിൽ, കെ.കെ. പോൾസൺ, ഷാജി ചുള്ളിയോട്, ലയണൽ മാത്യു, അമൽ ജോയ് എന്നിവർ നേതൃത്വം നൽകി.
കേരള ഗ്രാമീൺ ബാങ്കിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.