സുൽത്താൻ ബത്തേരി: നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂർ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റർ ചെയ്ത 23 പരാതികൾക്ക് പുറമെ 50 പരാതികൾ കൂടി നേരിട്ട് സ്വീകരിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ. ദേവകി എന്നിവരാണ് പരാതികൾ കേട്ടത്. അദാലത്തിൽ അപ്പപ്പോൾ തീർക്കാൻ സാധിച്ച പരാതികളിന്മേൽ കളക്ടറും എ.ഡി.എമ്മും പരിഹാരം നിർദേശിക്കുകയും തുടർ നടപടികൾ ആവശ്യമുള്ളവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതലതാലൂക്ക് തല ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു. പരാതികൾക്ക് സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അക്ഷയ, ബാങ്കിംഗ് സേവനങ്ങൾ, നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്രീനിംഗ് എന്നിവയും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.

ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് കല്ലൂർ പ്രദേശവാസികൾ നൽകിയ പരാതിയിൽ നടപടി ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പിന് കളക്ടർ നിർദേശം നൽകി. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും നാട്ടുകാർ അദാലത്തിൽ പരാതി നൽകി. ഇവയിലും തുടർ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തു. ഇന്ന് എടവക ഗ്രാമപഞ്ചായത്തിലും ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടക്കും. സ്വരാജ് ഹാളിൽ രാവിലെ 10 മുതൽ ഉച്ച വരെയായിരിക്കും അദാലത്ത് നടക്കുക.