ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കുന്നത് 14 മാസങ്ങൾക്ക് ശേഷം
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് അടച്ചിട്ട അട്ടമലയിലെ ടൂറിസം കേന്ദ്രങ്ങൾ ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും. പ്രത്യേക അനുമതിയോടെ നിയന്ത്രണ വിധേയമായാണ് ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുക. അട്ടമലയിലെ ചില്ലുപാലം അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളാണ് തുറക്കുന്നത്. 2024 ജൂലൈ 30 ന് ആണ് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്. ഇതേ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ 14 മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. ചൂരൽമലയിലെ എട്ട് വ്യാപാരികൾ ചേർന്നാണ് ബാങ്ക് വായ്പ ലക്ഷങ്ങൾ ചെലവഴിച്ച് അട്ടമലയിൽ ചില്ല് പാലം ആരംഭിച്ചത്. 2023 നവംബർ മാസത്തിലാണ് ചില്ലുപാലം പ്രവർത്തനം തുടങ്ങിയത്. എട്ടുമാസം നല്ല നിലയിൽ പ്രവർത്തിച്ചു. തേയില തോട്ടത്തിന് നടുവിലെ ചില്ലുപാലത്തിലെ കാഴ്ച ആസ്വദിക്കാനായി നൂറുകണക്കിന് വിനോദസഞ്ചാരികളായിരുന്നുഎത്തിയിരുന്നത്.
ഇതിനിടയിലാണ് 2024 ജൂലൈ 28 ഓടെ കനത്ത മഴ കണക്കിലെടുത്ത് ചില്ലുപാലം അടച്ചത്. ഇതിനുപിന്നാലെ ജൂലൈ 30ന് വലിയ ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തു. പിന്നീട് ആളനക്കം ഇല്ലാത്ത അവസ്ഥയായിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കർശന മാനദണ്ഡങ്ങൾ അനുസരിച്ചാണ് ടൂറിസം പ്രവർത്തനങ്ങൾ നടത്തുക. നോഗോ മേഖലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അട്ടമലയിലെ 5 റിസോർട്ടുകളും വൈകാതെ തുറന്നു പ്രവർത്തിക്കും. ഒന്നര വർഷത്തോളം അടഞ്ഞുകിടന്നതിനാൽ കാടും കൂടിയ അവസ്ഥയാണ്. ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തി വൈകാതെ തുറന്നു പ്രവർത്തിപ്പിക്കാനാണ് നീക്കം. ബെയ്ലി പാലത്തിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് കഴിഞ്ഞദിവസം ജില്ലാ കളക്ടർ അയവ് വരുത്തിയിരുന്നു. പാലത്തിലൂടെ നടന്ന് പോകുന്നതിന് തടസ്സമില്ല. ബെയ്ലി പാലത്തിന് അപ്പുറത്ത് ടാക്സി ജീപ്പ് ക്രമീകരിച്ച് വിനോദസഞ്ചാരികളെ ചില്ല് പാലത്തിനടത്തേക്ക് കൊണ്ടപോവുകയാണ് ലക്ഷ്യം.
മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും ഇതേ രീതിയിലാണ് ആളുകളെ കൊണ്ടപോവുക.