cpr
കുഴഞ്ഞു വീണ് മരണം

നിർദ്ദേശവുമായി വിദഗ്ദ്ധർ

കോഴിക്കോട്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുഴഞ്ഞു വീണു മരണം കൂടുമ്പോൾ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നത് ഉൾപ്പെടെ പ്രാഥമിക ചികിത്സ പരിശീലനം വ്യാപകമാക്കണമെന്ന് ഡോക്ടർമാർ. ഓണാഘോേഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ വയനാട് സ്വദേശിയും നിയമസഭാ ഡെപ്യൂട്ടി ലെെബ്രേറിയനുമായ ജുനെെസ് (46) ഈയിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൃത്യസമയത്ത് സി.പി.ആർ. നൽകിയതിലൂടെ കഴിഞ്ഞ ദിവസം വടകരയിൽ ഫയർസ്റ്റേഷൻ സിവിൽ ഡിഫൻസ് അംഗം ലിജിത്ത് സ്വന്തം കുഞ്ഞിനെ രക്ഷിച്ചു. ഇതുപോലെ പ്രഥമ ചികിത്സ നൽകാനുള്ള സന്നദ്ധത വർദ്ധിപ്പിക്കണം. ഹൃദയയസ്തംഭനം മൂലം മരിക്കുന്നവരിൽ ഇന്ന് പ്രായഭേദമില്ല. ജീവിതശെെലിയിലെ മാറ്റമാണ് പ്രധാന കാരണം. വിദ്യാർത്ഥികൾ ഉൾപ്പെ‌ടെയുള്ളവർക്ക് ജീവൻ രക്ഷിക്കുന്നതിന്റെ അ‌ടിസ്ഥാന പാഠങ്ങൾ നൽകണം. ആശുപത്രിയിലെത്തിക്കും മുമ്പുള്ള പരിചരണത്തിന് വലിയ പ്രാധാന്യമുണ്ട്. ആദ്യത്തെ ഒരു മണിക്കൂർ (സുവർണ മണിക്കൂർ) വളരെ പ്രധാനമാണ്. അഞ്ച് കാര്യങ്ങളാണ് ചെയ്യാനുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ബോധമില്ലെങ്കിലേ സി.പി.ആർ. നൽകേണ്ടതുള്ളൂ.

1 അപകടസ്ഥലത്തു നിന്ന് രോഗിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക. രക്ഷിക്കുന്നയാൾ അപക‌ടത്തിൽ പെടാതിരിക്കാനുമാണിത്. വാഹനാപകടത്തിൽ പെട്ടയാളെ റോഡിൽ നിന്ന് മാറ്റുന്നത് ഉദാഹരണം.

2 ബോധമുണ്ടോ എന്നറിയാൻ മലർത്തിക്കിടത്തിയ രോഗിയുടെ ചുമലിൽ രണ്ട് കെെപ്പത്തി കൊണ്ടും ശക്തിയായി തട്ടി ഉച്ചത്തിൽ വിളിച്ചുനോക്കണം. കെെകളിലോ ശരീരത്തിലോ മറ്റോ ചെറുതായി തട്ടി വിളിച്ചാൽ അറിയണമെന്നില്ല.

3 ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കാൻ ആൾക്കൂട്ടത്തോട് പൊതുവായി പറയുന്നതിന് പകരം ഒരാളെ ചുമതലപ്പെടുത്തണം. പേരറിയാത്ത സാഹചര്യത്തിൽ വസ്ത്രത്തിന്റെ നിറം പറഞ്ഞ് വിളിക്കാം. ഷുഗർ കുറഞ്ഞുവീഴുന്നവർ പ്രത്യേകിച്ചും.

4 ചൂണ്ടുവിരലും നടുവിരലും കഴുത്തിന്റെ വശത്ത്, താടിയെല്ലിന് താഴെ, ശ്വാസനാളത്തിനടുത്ത് വച്ച് നാഡിമിടിപ്പറിയണം.

5 രണ്ടുകൈകളും വിരലുകൾകൊണ്ട് പിണച്ചുവച്ചതിനുശേഷം നെഞ്ചിന്റെ നടുക്ക് അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിൽ ശക്തിയായി അമർത്തണം. കൃത്രിമ ശ്വാസോച്ഛ്വാസവും നൽകണം. ഈ രീതി ആരോഗ്യ പ്രവർത്തകരിൽ നിന്ന് മനസിലാക്കണം.