കോഴിക്കോട്: റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ കാറിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വയോധികൻ മരിച്ചു. ഉള്ള്യേരി, മാമ്പൊയിൽ പാലോറമലയിൽ വി.വി ഗോപാലൻ (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.45 ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മാവൂർ റോഡിലാണ് അപകടം. ബസിറിങ്ങിയ ശേഷം ബീച്ച് ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കവേ പിന്നിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു.
തെറിച്ചുവീണ ഗോപാലനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാറിടിച്ച് ഗോപാലൻ തെറിച്ചു വീണതിനെ തുടർന്ന് മറ്റൊരു സ്ത്രീക്കും പരിക്കേറ്റു. കൊയിലാണ്ടി നടുവത്തൂർ സ്വദേശി ഷാജിത (50) ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകരമാം വിധത്തിൽ കാറോടിച്ചതിന് താനൂർ സ്വദേശിയും കോഴിക്കോട് നഗരത്തിൽ സ്വകാര്യ ക്ലിനിക്ക് നടത്തുകയും ചെയ്യുന്ന ഡോ. റിയാസി (37) നെതിരെ മന:പൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി നടക്കാവ് പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പെണ്ണുകുട്ടിയാണ് ഗോപാലന്റെ ഭാര്യ. മക്കൾ: സജിത്ത്, സജിനി. മരുമക്കൾ: സജ്‌ന, ബിജു. സഹോദരങ്ങൾ: ദേവി.പരേതനായ കുമാരൻ (എടക്കര).