വടകര: വടകര പഴയ ബസ്റ്റാൻഡിൽ കുഴികൾ നിറഞ്ഞിട്ട് ഏറെക്കാലമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. അപകടങ്ങളും യാത്രക്കാരുടെ ദേഹത്തേക്ക് ചെളിതെറിക്കലും ഇവിടെ പതിവാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാരൻ്റെ കാലിൽ ബസ് കയറി ഗുരുതരാവസ്ഥയിലായിരുന്നു. സമയക്രമം പാലിക്കുന്നതിനായി വേഗത്തിലെത്തുന്ന ബസുകൾക്ക് ബസ് സ്റ്റാൻഡിലെ കുഴികൾ വലിയതോതിൽ അപകട ഭീഷണിയാവുന്നുണ്ട്. തിരക്കുപിടിച്ച സമയങ്ങളിൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു പോവുകയാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞ് കുളം കണക്കെയാവും. കുഴിയുടെ ആഴം അറിയാതെ ഇതിൽ ബസുകൾ ചാടുന്നതും ഇവിടെ പതിവാണ്. സ്റ്റാൻഡിലേക്ക് ബസ് കയറി ഇറങ്ങുന്ന ഭാഗങ്ങളിലും കുഴികളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തതിനെ തുടർന്ന് ഇപ്പോഴും മഴവെള്ളം കെട്ടി നിൽക്കുകയാണ്. ആഴമുള്ള കുഴികളിൽ കയറിയിറങ്ങി ബസുകളുടെ ആക്സിലുകൾക്ക് നാശം സംഭവിക്കുന്നതടക്കം ബസുകൾക്ക് അറ്റകുറ്റപ്പണികളുണ്ടെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വടകരയുടെ ചുറ്റുമുള്ള മുഴുവൻ പ്രദേശങ്ങളിൽ നിന്നും ബസുകൾ വന്നു പോകുന്ന പ്രധാന ബസ് സ്റ്റാൻഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ ജനങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാവുകയാണ്.
സ്റ്റാൻഡ് ഫീ ബഹിഷ്കരിക്കാൻ ബസ് ഉടമകളുടെ സംഘടനകൾ
ബസ് ഓപ്പറേറ്റേഴ്സിൽ നിന്ന് നഗരസഭ സ്റ്റാൻഡ് ഫീ ഇടാക്കുന്നുണ്ട്. ടെൻഡർ കൊടുത്ത് ദിവസ പിരിവായി ആളെ നിർത്തിയാണ് ഫീ ആയ 20 രൂപ ഓരോ ദിവസവും ബസുകൾ അടക്കുന്നത്. വടകരയിലെ ബസുകളും തലശ്ശേരി - കൊയിലാണ്ടി ഭാഗങ്ങളും ചേർത്ത് അഞ്ഞൂറിലധികം ബസുകളുടെ വരുമാനം ദിനംപ്രതി ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ചെങ്കിലും സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ തീർത്തുകൂടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ സ്റ്റാൻഡ് ഫീസ് നൽകാതെയുള്ള പ്രതിഷേധം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
" നിരവധി തവണ മുനിസിപ്പാലിറ്റി അധികൃതരെ സമീപിച്ചിട്ടുണ്ട്. ഉടൻ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഒക്ടോബർ ഒന്നു മുതൽ സ്റ്റാൻഡ് ഫീസ് നൽകാതെയുള്ള പ്രതിഷേധം ആരംഭിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. എ.പി. ഹരിദാസൻ സെക്രട്ടറി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
" രണ്ടുവർഷമായി വടകരയിൽ റോഡ് മെയിൻറനൻസ് വർക്കുകൾ നടക്കുന്നില്ല. ബസ് സ്റ്റാൻഡിനുൾഭാഗം മരണക്കിണറായിരിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രതിപക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും"
വി.കെ അസീസ് പ്രതിപക്ഷ നേതാവ്, വടകര നഗരസഭ