2
പേരാമ്പ്ര മരക്കാടി തോടിന് സമീപം നടപ്പാതയിലും റോഡിലുമായി ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ, പേരാമ്പ്ര വടകര റോഡിൽ ബസ് നിർത്തുന്ന സ്ഥലത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ സുരക്ഷിതമായ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ ജംഗ്ഷനുകൾക്ക് അടുത്തും പ്രധാന കച്ചവടകേന്ദ്രങ്ങൾക്ക് സമീപവും ബസ്റ്റോപ്പ് കേന്ദ്രങ്ങൾ ഒരുക്കിയെങ്കിലും യാത്രക്കാർക്ക് മഴയും വെയിലും കൊണ്ട് നിൽക്കേണ്ട സ്ഥിതിയാണെന്ന് പരാതി ഉയരുന്നു. സംസ്ഥാന പാതയിൽ ദൂരയാത്രക്ക് എത്തുന്ന സ്ത്രീകളും വിദ്യാർത്ഥികളും വയോധികരും ഉൾപെടെ ഏറെ പ്രയാസമനുഭവിക്കുന്ന സ്ഥിതിയാണ്. പ്രതികൂലമായ കാലാവസ്ഥയിൽ പ്രത്യേകിച്ചും.

പേരാമ്പ്ര മത്സ്യ മാർക്കറ്റ് മേഖലയിലെ മരക്കാടി തോടിന് സമീപവും വടകര റോഡിലുമുള്ള ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും റോഡ് നവീകരണത്തിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് പൊളിച്ചു മാറ്റിയതാണ്. മാർക്കറ്റിലേക്കും മറ്റു ആവശ്യങ്ങൾക്കുമായി നിരവധി യാത്രക്കാർ എത്തുന്ന മേഖലയാണിത്. മരക്കാടി മേഖലയിൽ കുറ്റ്യാടി, കടിയങ്ങാട്, പന്തിരിക്കര, പെരുവണ്ണാമുഴി, ചെമ്പനോട, പൂഴിത്തോട്, മുതുകാട് ഭാഗത്തേക്കുള്ള യാത്രക്കാരും വടകര റോഡിൽ ചെറുവണ്ണൂർ, മുയിപ്പോത്ത്, എരവട്ടൂർ, വാല്യാക്കോട്, അഞ്ചാംപീടിക, അരിക്കുളം, മേപ്പയ്യൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുമാണ് ബസ് കാത്ത് നിൽക്കുന്നത്. ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ച് മേഖലയിൽ കാൽനടയാത്രികർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്ര ലൈനുകൾ സ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗതാഗത വികസനത്തിൽ ഉൾപെടെ വലിയ പുരോഗതിയിലാണ് പേരാമ്പ്രയിൽ ഉണ്ടായിട്ടുള്ളത്. അതിന് അനുയോജ്യമായി പ്രധാന മേഖലകളിൽ സുരക്ഷിതമായ ബസ്സ്റ്റോപ്പുകളും ട്രാഫിക് സംവിധാനവും ഒരുക്കുന്നത് യാത്രക്കാർ വലിയ ആശ്വാസമാവും.

പി.എം.പി മൂഴി, പ്രദേശവാസി