സുൽത്താൻ ബത്തേരി: യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ നാമമാത്രമായ ആളുകളുടെ സാന്നിദ്ധ്യത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളെ മഹാ സമാധി ദിനത്തിൽ കൽപ്പറ്റ യൂണിയൻ ഓഫീസ് സന്ദർശിക്കാൻ കൊണ്ടുവന്ന ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ നടപടി സംഘടനയേയും സമൂദായത്തെയും അപമാനിക്കുകയാണ് ചെയ്തതെന്ന് സുൽത്താൻ ബത്തേരി എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള ശാഖാ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് സന്ദർശിക്കാൻ താൽപ്പര്യം കാണിച്ച നെഹ്റു കുടുംബത്തിലെ മൂന്ന് എംപിമാരായ സോണിയാ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുടെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു. കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ സന്ദർശനം സംഘടനക്കും സമുദായത്തിനും അർഹമായ പരിഗണന നൽകുന്ന വിധമല്ല. കഴിഞ്ഞ ആറ് വർഷമായി നെഹ്റു കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ് വയനാട് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ കാലയളവിൽ ഒരിക്കൽപോലും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനവും എം.പിമാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സുൽത്താൻ ബത്തേരി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ 171ാമത് ജയന്തി ആഘോഷം സെപ്തംബർ 7ാം തീയ്യതി സുൽത്താൻ ബത്തേരിയിൽ വെച്ച് ആഘോഷിക്കുന്നതിന് വേണ്ടി തീരുമാനിച്ചിരുന്നു. ജയന്തി സമ്മേളന പരിപാടിയിൽ പ്രിയങ്കാ ഗാന്ധി എം.പിയെ പങ്കെടുപ്പിക്കണമെന്ന് ബത്തേരി എസ്.എൻ.ഡി.പി യൂണിയൻ നിയോജക മണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ മുഖാന്തിരം എംപിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. പരിപാടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ശ്രമിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് എം.പി ഉണ്ടാകാൻ സാധ്യതയില്ലെന്നും മറ്റൊരു പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു. മഹാ സമാധിയോടനുബന്ധിച്ചുള്ള ഒരാഴ്ചകാലം നെഹ്റു കുടുംബത്തിലെ മൂന്ന് എം.പിമാരും വയനാട്ടിൽ ഉണ്ടയിരിക്കുകയും മറ്റ് പല പരിപാടികളിലും അവർ പങ്കെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അവരുടെ യാത്ര വിവരം കൃത്യമായി അറിയാവുന്ന പാർട്ടി നേതൃത്വം ഇത്തരമൊരുപരിപാടി മുൻകൂട്ടി ആലോചിച്ച് അതിൽ അവരെ പങ്കെടുപ്പിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. അർദ്ധ രാത്രി പരിപാടി തീരുമാനിച്ച് വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ നാമമാത്രമായ ആളുകളുടെ സാന്നിദ്ധ്യത്തിൽ ദേശീയ നേതാക്കളെ കൊണ്ടുവന്ന് സമുദായത്തെ അപമാനിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ചെയ്തത്. ശ്രീനാരായണ ഗുരുദേവനെ അനുസ്മരിക്കുകയോ അവിടെ കൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയോ ചെയ്യാതെ ഒരു ഫോട്ടോ ഷൂട്ടിനായി സംഘടനയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
ശാഖായോഗത്തിന്റെയും പോഷകസംഘടനാഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ യൂണിയൻ ചെയർമാൻ കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എൻ.കെ. ഷാജി സംസാരിച്ചു.