road
തകർന്ന് കിടക്കുന്ന കഴമ്പ് കല്ലുമുക്ക് റോഡ്‌

സുൽത്താൻ ബത്തേരി: നിരവധി കുടുംബങ്ങൾ യാത്രക്കായി ഉപയോഗിക്കുന്ന കഴമ്പ് കല്ലുമുക്ക് റോഡ് തകർന്നു ഗതാഗത യോഗ്യമല്ലാതായി തീർന്നു. നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന ഈ റോഡ് തകർന്നതോടെ കാൽ
നടയാത്ര പോലും ദുഷ്‌കരമായി തീർന്നിരിക്കുകയാണ്. പി.എം.ജി.വൈ പദ്ധതി പ്രകാരം റോഡ് നന്നാക്കുന്നതിനായി അഞ്ച് കോടി അറുപത് ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാൽ റോഡ് നിർമ്മാണം പല വിധ കാരണങ്ങളാൽ തടസപ്പെട്ടു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ശുദ്ധല വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റുന്നത് സംബന്ധിച്ചുണ്ടായ തർക്കം അനന്തമായി നീണ്ടതോടെ റോഡ് പണിയും നീണ്ടുപോയി. പ്രശ്നം കഴിഞ്ഞ വർഷം ഒരു വിധം പരിഹരിച്ചെങ്കിലും റോഡ് പണി വീണ്ടും തുടങ്ങിയില്ല. നമ്പിക്കൊല്ലിയിൽ നിന്ന് തുടങ്ങുന്ന റോഡിന്റെ കഴമ്പ് മുതൽ കല്ലുമുക്ക് വരെയുള്ള 6 കിലോമീറ്റർ ദൂരമാണ് തകർന്ന് കിടക്കുന്നത്. വിവിധ ഭാഗങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. കൊഴുവണയിലേയ്ക്കും തമിഴ്നാട്ടിലെ പുളക്കുണ്ട് ഭാഗങ്ങളിലേയ്ക്കും എത്താൻ കഴിയുന്ന റോഡു കുടിയാണിത്. 600ഓളം കുടുംബങ്ങളാണ് ഈ റോഡിനെ യാത്രക്കായി ആശ്രയിക്കുന്നത്. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടക്കുന്നതായി വാർഡ് മെമ്പർ വ്യക്തമാക്കി. കുടിവെള്ള പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആദ്യം തടസമായതെങ്കിൽ ഇപ്പോൾ കരാറുകാരൻ പണി താമസിപ്പിക്കുന്നതാണെന്നാണ് ജനങ്ങൾ പറയുന്നത്. റോഡ് നിർമ്മാണം ഉടൻ നടത്തി പ്രദേശത്തെ ജനങ്ങളുടെ യാത്ര പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികളുടെ ആവശ്യം.