കോട്ടയം : റോഡിന് നടുവിലായി മൂന്നു ഡിവൈഡറുകൾ, റിഫ്ലക്ടറുകളില്ല, ദിശാസൂചകങ്ങളില്ല, തെരുവ് വിളക്കുകളില്ല. ഒപ്പം വാഹനങ്ങളുടെ അമിതവേഗം. നിരന്തരം അപകടമേഖലയായി മാറിയിരിക്കുകയാണ് കുമാരനല്ലൂർ. എം.സി റോഡും മേൽപ്പാലവും ഒരുമിക്കുന്നിടത്താണ് ഈ കെണി. കോട്ടയത്ത് നിന്ന് ഏറ്റുമാനൂരിലേക്കുള്ള വാഹനങ്ങൾ എം.സി റോഡ് വഴിയും കുടമാളൂരിലേക്കുള്ള വാഹനങ്ങൾ മേൽപ്പാലം കയറിയുമാണ് പോകുന്നത്. ഇരു റോഡുകളിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്. എം.സി റോഡിലെ തിരക്കൊഴിവാക്കാൻ ചില സ്വകാര്യ ബസുകളടക്കം മേൽപ്പാലം വഴിയാണ് വരുന്നത്. സിഗ്‌നലോ ദിശാസൂചകങ്ങളോ ഇല്ലാത്തതിനാൽ ഇരുറോഡുകളിലേക്കും ഏതു വഴി പ്രവേശിക്കണമെന്നാണ് വാഹനഡ്രൈവർമാർക്ക് ആശയക്കുഴപ്പം. മേൽപ്പാലത്തിൽ നിന്നുള്ള വാഹനങ്ങൾ തിരിയുന്ന ദിശയിലൂടെതന്നെ മറ്റ് വാഹനങ്ങൾ മേൽപ്പാലത്തിലേക്ക് പ്രവേശിക്കും. ഇതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.

പേടിസ്വപ്നമായി കുമാരനല്ലൂർ - കുടമാളൂർ റോഡ്

നിരവധിപ്പേർ അപകടത്തിൽ മരിച്ച കുമാരനല്ലൂർ - കുടമാളൂർ റോഡ് യാത്രക്കാരുടെ പേടി സ്വപ്നമാണ്. കുടമാളൂർ ഭാഗത്തു നിന്ന് വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വളവാണെന്നറിയാതെ മറ്റു വാഹനങ്ങളെ മറികടന്ന് എത്തുമ്പോഴാകും എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കാണുന്നത്. മുന്നറിയിപ്പ് ബോർഡുകളുമില്ല. റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും വില്ലനാണ്. റോഡ് പരിചയമില്ലാത്തവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

പരിഹാരം കണ്ടേ തീരൂ

ട്രാഫിക് പൊലീസിന്റെ സേവനമില്ല

ബസുകൾ നടുറോഡിൽ നിറുത്തുന്നു

സിഗ്നൽ സംവിധാനം ഏർപ്പെടുത്തണം

''കൃത്യമായ മുന്നറിയിപ്പുകളോ സ്പീഡ് ബ്രേക്കറുകളോ ഇല്ല. വാഹനങ്ങളുടെ അമിതവേഗവും അപകടത്തിന് കാരണമാകുന്നു. അപകടങ്ങൾ കുറയ്ക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം

-രാജേഷ് (യാത്രക്കാരൻ)