koko

കോട്ടയം : കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച കൃഷിയിറക്കിയ കർഷകരെ നിരാശയില്ഴാത്തി കൊക്കോ സംഭരണം നിലച്ചു. കാപ്‌ക്കോയും, കാഡ്ബറിയും സംഭരണം നിറുത്തിയതോടെയാണ് വിപണിയില്ലാതെ കർഷകർ വലയുന്നത്. അതേസമയം മാർക്കറ്റിൽ ആവശ്യക്കാരില്ലെന്ന് പറഞ്ഞ് മലഞ്ചരക്ക് വ്യാപാരികളും കൊക്കോ കടകളിൽ എടുക്കുന്നില്ല. കഴിഞ്ഞവർഷം സെപ്തംബറിൽ കൊക്കോയ്ക്ക് കിലോയ്ക്ക് 200നടുത്ത് ലഭിച്ചിരുന്നത് 65 ആയി. മികച്ച വില പ്രതീക്ഷിച്ച പല കർഷകരും പച്ച കൊക്കോ വിൽക്കാതെ ഉണക്കി സൂക്ഷിച്ചിരുന്നു. കഴിഞ്ഞവർഷം ഉണങ്ങിയ കൊക്കോ കുരുവിന് 1200 രൂപയോളം ലഭിച്ചിരുന്നു. പലരും ലോൺ എടുത്ത് കൊക്കോ ഉണക്കാനായി ഡ്രൈയറുകൾ ഉൾപ്പെടെ വാങ്ങിയിരുന്നു.

ഭാഗ്യപരീക്ഷണം കൈപൊള്ളി

മികച്ച വില ലഭിച്ചുതുടങ്ങിയതോടെ റബറിൽ തിരിച്ചടിയേറ്റ കർഷകർ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിനും തയ്യാറായിരുന്നു. മറ്റ് കൃഷിയ്‌ക്കൊപ്പം കൊക്കോയ്ക്കും പ്രാധാന്യം നൽകിയവരുമുണ്ട്. വലിയ മുതൽമുടക്കും ആവശ്യമില്ല. പ്രതികൂല കാലാവസ്ഥയെത്തുടർന്നുള്ള ഉത്പാദനക്കുറവും വിളനാശവും മൂലം കർഷകർ നട്ടംതിരിയുന്നതിനൊപ്പം വിലയും ഇടിഞ്ഞത് ഇരുട്ടടിയായി. പിന്നിൽ ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.

പ്രതിസന്ധികൾ

മേയ് പകുതിയോടെ കാലവർഷം തുടങ്ങി

പിന്നാലെ ചെടികളിൽ രോഗബാധ

പൂവും കായും കൊഴിയുന്നത് പതിവ്

പലരും റബർ വെട്ടിമാറ്റിയാണ് ഇതിലേക്ക് തിരിഞ്ഞത്. വില ഉയർന്നപ്പോൾ പ്രതീക്ഷയേറെയായിരുന്നു. പെട്ടെന്ന് ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ തുരത്തി ഏറെ പ്രയായസപ്പെട്ടാണ് വിളവ് കാത്തുസൂക്ഷിച്ചത്.

-സുരേന്ദ്രൻ, കർഷകൻ