
കോരുത്തോട് : ഓണാവധി വായനയുടെ ഉത്സവമാക്കാൻ സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. ഓണാഘോഷത്തിന്റെ ഭാഗമായി അവധിക്കാലത്ത് കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണം നടത്തി. അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിലുള്ള രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പുസ്തകങ്ങൾ തിരികെ നൽകണം. വിതരണ ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. സ്കൂൾ മാനേജർ എ.എൻ. സാബു, സ്കൂൾ പ്രഥമാദ്ധ്യാപിക ബിന്ദു കൃഷ്ണൻ, പള്ളിപ്പടി സെന്റ് ജോർജ് പള്ളി വികാരി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, സീനിയർ അസിസ്റ്റന്റ് കെ.എസ്. സലി, സ്റ്റാഫ് സെക്രട്ടറി കെ.എസ്. മഞ്ജു, അദ്ധ്യാപകരായ വി.വി. അനീഷ്‌കുമാർ, അനു ബാലൻ, എസ്. ലയമോൾ, കെ.ആർ.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.