കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിനും ദേശ വഴികൾക്കും ഐശ്വര്യം പകരുന്ന ഉത്രാടം നിറ ആചാരപ്പെരുമയോടെ നാലിന് രാവിലെ 8 ന് നടക്കും. ദേവിയുടെ ദേശവഴിയായ മാഞ്ഞൂരിൽനിന്ന് കൊണ്ടുവരുന്ന പുന്നെല്ലിൻ കതിരുകൾ അടുക്കി കറ്റയാക്കി, കാരാഴ്മക്കാരായ പുളിയായിൽ മാരാർകുടുബക്കാരാണ് തലയിലേറ്റി വാദ്യമേളങ്ങളോടെ ക്ഷേത്ര കിഴക്കെ ഗോപുരനടയിൽ എത്തിക്കുന്നത്. തുടർന്ന് മധുര ഇല്ലത്തെ പൂജാസ്ഥാനി ഏറ്റുവാങ്ങി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ദേവിയുടെ മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ പൂജ നടത്തും. പൂജിച്ച കതിർ ആദ്യം ദേവിക്കും പിന്നീട്, ഉപദേവക്ഷേത്രങ്ങളിലും സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും.