കുറവിലങ്ങാട് : ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ദൈവമാതാവിന്റെ പിറവി തിരുനാളിന് തുടക്കമായി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റി. ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കന്നേൽ, ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ തിരുകർമ്മങ്ങളിൽ സഹകാർമികരായി. നോമ്പിന്റെ ആദ്യദിനം ജൂബിലി കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. കുറവിലങ്ങാട് നസ്രാണി മഹാസംഗമവാർഷികാഘോഷത്തിന്റെ ഭാഗമായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മോനാച്ചേരി ദീപം തെളിച്ചു. രണ്ടാംദിനമായ ഇന്ന് മുട്ടുചിറ ഫൊറോന തീർത്ഥാടനവും കത്തോലിക്കാ കോൺഗ്രസ് രൂപതാ കമ്മിറ്റിയുടെ തീർത്ഥാടനവും ദേവാലയത്തിലെത്തും. നാളെ രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന ഇടവകയിൽ നിന്നുള്ള തീർത്ഥാടനം. ഇന്ന് വൈകിട്ട് അഞ്ചിന് ഫാ.ഡോ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുരയിലും, നാളെ അഞ്ചിന് ഫാ.ഡോ. അഗസ്റ്റിയൻ പാലയ്ക്കപറമ്പിലും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.