കോട്ടയം : ഭൂമിയിൽ ഏറ്റവും വലിയ ത്യാഗങ്ങളും മനോപീഡകളും അനുഭവിച്ച് തന്റെ ജീവിതദൗത്യം പൂർത്തീകരിച്ച വ്യക്തിയാണ് പരിശുദ്ധ ദൈവമാതാവെന്ന് ഡോ.തോമസ് മോർ തീമോത്തിയോസ് പറഞ്ഞു. പ്രതിസന്ധികളിലെല്ലാം ദൈവത്തോടുള്ള വിശ്വസ്തത പുലർത്തി എന്നുള്ളതാണ് മാതാവിനെ വ്യത്യസ്തയാക്കുന്നത്. മാതാവിന്റെ ശ്രേഷ്ഠമായ ഗുണങ്ങൾ വിശ്വാസികൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. എട്ടുനോമ്പിന്റെ ഒന്നാം ദിനമായ ഇന്നലെ കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2026 ലെ കലണ്ടറിന്റെ പ്രകാശനവും നേർച്ചക്കഞ്ഞിയുടെ ആശീർവാദവും അദ്ദേഹം നിർവഹിച്ചു. കരോട്ടെ പള്ളിയിൽ കുർബാനയ്ക്ക് തോമസ് മോർ അലക്‌സന്ത്രയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. തോമസ് മോർ അലക്‌സന്ത്രയോസ്, ഫാ.ജോൺസ് കോട്ടയിൽ, മാത്യു മണവത്ത് കോർഎപ്പിസ്‌കോപ്പ എന്നിവർ ധ്യാന പ്രസംഗങ്ങൾ നടത്തി.