road
ദേശീയപാതയിലെ നവീകരണം ഫലപ്രദമല്ലെന്ന് പരാതി.

മുണ്ടക്കയം: ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്ക യത്തിനും 31-ാം മൈലിനുമിടയിൽ നടക്കുന്ന നവീകരണം ഫലപ്രദമായ രീതിയിലല്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു തവണ നവീകരണം നടന്ന സ്ഥലമാണ് പൈങ്ങനയിലെ കൊടും വളവ്. പതിവായി അപകടം നടക്കാറുള്ള ഇവിടെ റോഡിൽ രൂപപ്പെടുന്ന കുഴി ദേശീയപാത വിഭാഗമെത്തി നികത്തി ഒരു മാസം തികയും മുമ്പ് വീണ്ടും കുഴി രൂപപ്പെടും. ഇതു പതിവായതോടെ കഴിഞ്ഞയാഴ്ച‌ സിമന്റ് ലോക്ക് കട്ടകൾ നിരത്തി നവീകരണം നടത്തി. എന്നാൽ ഇപ്പോൾ പഴയതിലും വലിയ കുഴിയാണ് റോഡിന്റെ രണ്ടു ഭാഗത്തും രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയുടെ നവീകരണമായിട്ടും പോലും വേണ്ടത്ര ഗൗരവത്തോടെയല്ല ഉദ്യോഗസ്ഥരും പണി നടത്തുന്നവരും സമീപിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

അശാസ്ത്രീയം അലംഭാവം

പൈങ്ങനയിലെ വളവിൽ സിമന്റ് ലോക്ക് കട്ടകൾ ടാറിംഗിനോടു ചേരുന്ന ഭാഗം കോൺക്രീറ്റ് ചെയ്യാത്തതു മൂലമാണ് റോഡിന്റെ രണ്ട് ഇടങ്ങളിലും വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളടക്കം കുഴിയിൽ വീണ് അപകടങ്ങൾ സംഭവിച്ചുതുടങ്ങി. പോസ്റ്റോഫീസ് ജംഗ്ഷനു സമീപം കലുങ്കിന്റെ നിർമാണം പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനോടനുബന്ധിച്ചുള്ള റോഡ് നവീകരിക്കാൻ നടപടിയായിട്ടില്ല. അതിനാൽ കലുങ്കിന്റെ ഒരു വശത്ത് ഇപ്പോൾ വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ടു.

യാതൊരു ക്രമീകരണവും നടത്താതെ പകൽ സമയത്തു റോഡ് നിർമാണം നടത്തിയത് മൂലം ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായത് വിവാദമായിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ പിന്നീട് നിർമാണം രാത്രിയിലേക്കു മാറ്റുകയായിരുന്നു.