മുണ്ടക്കയം : എങ്ങനെ വഴിനടക്കും. കണ്ണൊന്ന് തെറ്റിയാൽ, കടിയുറപ്പാണ്. അത്രയ്ക്ക് ദാരുണമാണ് ഞങ്ങളുടെ അവസ്ഥ. ശൗര്യത്തോടെ ചാടിവീഴുന്ന തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടുകയാണ് മുണ്ടക്കയം നിവാസികൾ. എന്തിന് ടൗണിൽപ്പോലും സ്വസ്ഥമായി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. ഇത് അപകടത്തിനും ഇടയാക്കുന്നു. പൈങ്ങന, 31-ാംമൈൽ, വരിക്കാനി, ചെളിക്കുഴി അടക്കമുള്ള പ്രദേശങ്ങളിലാണ് നായശല്യം രൂക്ഷം. രാത്രി കാലങ്ങളിൽ മുണ്ടക്കയം ബൈപ്പാസും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
കൂട്ടത്തോടെ തള്ളിയിട്ട് പോകും
തെരുവനായ്ക്കളെ സംരക്ഷിക്കാനോ, വന്ധ്യംകരിക്കാനോ സംവിധാനങ്ങളില്ലാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ കൂട്ടത്തോടെ മുണ്ടക്കയം മേഖലയിൽ കൊണ്ടുവന്ന് ഇറക്കിവിടുന്നതായും പരാതിയുണ്ട്. ബൈപ്പാസാണ് ഇത്തരക്കാർ കൂടുതലായി തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
വില്ലൻ മാലിന്യം തന്നെ
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് പഞ്ചായത്ത് പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം മുണ്ടക്കയം പൈങ്ങനായിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു
ഇളംബ്രാമല സ്വദേശി സതീഷിന്റെ ഓട്ടോയുടെ സീറ്റും പടുതയും നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു
കൃത്യമായ വന്ധ്യകരണം നടക്കാത്തതും പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നു.
സന്ദീപ്, മുണ്ടക്കയം