കോട്ടയം : ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി മങ്ങാട്ട് ഇല്ലത്ത് എം.എൻ അനൂപ് നാരായണ ഭട്ടതിരി യാത്ര തിരിച്ചു. കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് തോണി പുറപ്പെട്ടത്. വിദ്യാസാഗർ വൈലോപ്പള്ളി, വിനു എം.നായർ, സുധീഷ് ആർ.നായർ എന്നീ തുഴച്ചിൽക്കാരോടൊപ്പമാണ് ഭട്ടതിരിയുടെ യാത്ര. ഉത്രാടത്തിന് കാട്ടൂരിലെത്തും. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ സന്ധ്യാപൂജയ്ക്ക് ശേഷം ഭദ്രദീപവും കരക്കാർ ഒരുക്കുന്ന ഓണവിഭവങ്ങളുമായി രാത്രി തിരുവോണത്തോണിയിൽ ആറന്മുളയിലേക്ക് തിരിക്കും. കാട്ടൂരിൽനിന്ന് 18 ദേശവഴിക്കാരുടെ പള്ളിയോടങ്ങൾ അകമ്പടിയാകും. തിരുവോണനാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രക്കടവിൽ തോണിയെത്തും. ഭട്ടതിരി ഭദ്രദീപം ആറന്മുള കെടാവിളക്കിലേക്ക് പകർന്ന് ഓണവിഭവങ്ങൾ ഭഗവാന് സമർപ്പിക്കും. തിരുവോണ ദിവസം ആറന്മുള ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്ത് അത്താഴ പൂജ കഴിഞ്ഞ് ചെലവുമിച്ചം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിക്കും.