മണർകാട്: എട്ടുനോമ്പിനോട് അനുബന്ധിച്ച് കത്തീഡ്രലിന്റെ ചെറിയ പാരീഷ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന നേർച്ച കഞ്ഞിയിൽ പങ്കുചേരാൻ വിശ്വാസികളുടെ തിരക്ക്. ഏഴിന് അർദ്ധരാത്രി വരെയാണ് നേർച്ച കഞ്ഞിവിതരണം. എല്ലാ ദിവസം കത്തീഡ്രലിലെ കുർബാനയ്ക്ക് ശേഷം 10.30ന് നേർച്ച കഞ്ഞിവിതരണം ആരംഭിക്കും. വൈകുന്നേരം സന്ധ്യാപ്രാർത്ഥനയെതുടർന്ന് ആറിനാണ് വൈകുന്നേരത്തെ കഞ്ഞിവിതരണം. രാത്രി പതിനൊന്ന് വരെയാണ് കഞ്ഞിവിതരണം. ചെറുപയർ, അച്ചാർ, ചമ്മന്തി പൊടി എന്നിവയോടൊപ്പം ചൂട് കഞ്ഞിയാണ് വിശ്വാസികൾക്കായി നൽകുന്നത്. അഞ്ച് ടൺ മുകളിൽ അരിയാണ് പ്രതിദിനം കഞ്ഞി തയ്യാറാക്കാൻ എടുക്കുന്നതെന്നും തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി നിരവധി വിശ്വാസികളാണ് നേർച്ച കഞ്ഞി സ്‌പോൺസർ ചെയ്യാനെത്തുന്നതെന്നും കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.