s

കോട്ടയം: മണ്ണെണ്ണ മൊത്ത വ്യാപാര വിതരണക്കാർ ഇല്ലാത്തതിനാൽ ഓണമെത്തിയിട്ടും കോട്ടയത്ത് റേഷൻ കടകളിൽ മണ്ണെണ്ണ വിതരണമായില്ല. ചങ്ങനാശേരി കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കു പുറമേ 243 കടകളുള്ള കോട്ടയം താലൂക്കിൽ മണ്ണെണ്ണ മൊത്ത വിതരണ കട ഇല്ല. വൈക്കം, മീനച്ചിൽ താലൂക്കുകളിൽ മാത്രമേ ഹോൾസെയിൽ കടകളുള്ളൂ. ചന്തക്കടവിൽ മണ്ണെണ്ണ ഹോൾസെയിൽ കട തുറക്കുമെന്ന് സപ്ലൈക്കോ അധികൃതർ റേഷൻ കട ഉടമകളെ അറിയിച്ചെങ്കിലും ഉടമയുടെ സാമ്പത്തിക പ്രതിസന്ധി കാരണം കട തുറക്കൽ നീളുകയാണ്.

മണ്ണെണ്ണ അളവ് ഇങ്ങനെ

ഒരു ക്വാർട്ടറിൽ പിങ്ക് കാർഡുകൾക്ക് അര ലിറ്ററും മറ്റുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണയുമാണ് വിതരണം ചെയ്യേണ്ടിയിരുന്നത്.ഏപ്രിൽ -ജൂൺ ക്വാർട്ടറിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ മൂന്നു മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. ഇത് റദ്ദാക്കുന്നില്ലെങ്കിൽ ജൂലായ് - സെപ്തംബർ ക്വാർട്ടറും കൂടി ചേർത്ത് മഞ്ഞകാർഡ് ഉടമകൾക്ക് രണ്ടു ലിറ്ററും മറ്റുള്ളവർക്ക് ഒരു ലിറ്ററും ലഭിക്കേണ്ടതാണ്.

68 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. ലിറ്ററിന് ആറ് രൂപയാണ് റേഷൻ കടഉടമകളുടെ കമ്മീഷൻ .