d

കോട്ടയം: മലയാളിക്ക് ആവേശവും ആഘോഷവുമായ ി ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണദിനം. ഓണക്കോടികളും സെറ്റും മുണ്ടും ഉടുത്ത് പരമ്പരാഗത വേഷത്തിൽ പൂക്കളമിട്ടും വീടുകളിൽ ഓണം ആഘോഷിക്കുന്നതിനുള്ള തിരക്കിലാണ് എല്ലാവരും.

ഓണവിഭവങ്ങളും സദ്യയും പായസവും ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനായി ഇന്നലെ നാടും നഗരവും ഉത്രാട പാച്ചിലിലായിരുന്നു. കോടിയുടുത്തും ഊഞ്ഞാലാടിയും ഒത്തുകൂടലുകൾ ഉത്സവമാക്കുന്ന ദിനം കൂടിയാണ് തിരുവോണം. നഗരത്തിലെ ചെറുതും വലുതുമായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ എങ്ങും വലിയ തിരക്ക് രൂപപ്പെട്ടു.

റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞു. ചെറുറോഡുകൾ മുതൽ സർവത്ര തിരക്ക്. ഫർണിച്ചർ, മൊബൈൽ, ഹോംഅപ്ലയൻസസ് എന്നിവിടങ്ങളിൽ പ്രത്യേക ഓഫറുകൾ ഒരുക്കിയതിനാൽ വലിയ തിരക്കാണ് ഓരോ സ്ഥാപനങ്ങളിലും ഉണ്ടായത്. അസോസിയേഷനുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഓണാഘോഷ പരിപാടികളും വിവിധയിടങ്ങളിൽ അരങ്ങേറുകയാണ്. ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങിക്കൂട്ടുന്നതിന്റെ തിരക്കായിരുന്നു എങ്ങും. ഹോട്ടലുകളിൽ തിരുവോണനാളിൽ രാവിലെ മുതൽ ഓണസദ്യ, പായസം വിതരണം ചെയ്തു തുടങ്ങും.