കോട്ടയം: ടൂറിസ്റ്റ് കേന്ദ്രമായ കുമരകം വരുംദിവസങ്ങളിൽ രണ്ട് വള്ളംകളി മത്സരങ്ങൾക്ക് വേദിയാകും. കവണാറ്റിൽ നാളെ ടൂറിസം വള്ളംകളി നടക്കും. ഇരുട്ടുകുത്തി, ഓടി ചുരുളൻ വള്ളങ്ങൾക്ക് പ്രാധാന്യമുള്ള വള്ളംകളിയിൽ പ്രശസ്ത കളിവള്ളങ്ങൾ പങ്കെടുക്കും. ചതയദിനത്തിലാണ് കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ട്രോഫിക്കായുള്ള മത്സര വള്ളംകളി. ഇവിടെയും ഇരുട്ടുകുത്തി വള്ളത്തിനാണ് പ്രാധാന്യം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ടാചടങ്ങിനെത്തിയെ ഗുരുദേവനെ നിരവധി കളിവള്ളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചതിന്റെ ഓർമ പുതുക്കി ഗുരുദേവ ഛായാചിത്രം വഹിച്ചുള്ള ജലഘോഷയാത്രയ്ക്ക് ശേഷമാണ് വള്ളംകളി. നാടൻ കലാരൂപങ്ങളും പ്ലോട്ടുകളും ജലഘോഷയാത്രക്ക് കൊഴുപ്പേകും. വള്ളംകളിക്കു ശേഷം നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടത്തും. വള്ളംകളിക്ക് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും സന്ദേശ പ്രചാരണ പ്രവർത്തനങ്ങളും നടന്നു. രജിസ്‌ടേഷൻ ഇന്ന് വരെ നീട്ടിയതായി ക്ലബ് പ്രസിഡന്റ് അഡ്വ.വി.പി അശോകൻ അറിയിച്ചു.