
കോട്ടയം: വിവിധ ജില്ലകളിൽ നിന്നുൾപ്പടെ ആയിരക്കണക്കിന് ആളുകൾ ചികിത്സതേടിയെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശനകവാട നിർമ്മാണം അവസാനഘട്ടത്തിൽ. മെഡിക്കൽ കോളേജ് സ്റ്റാൻഡിന് മുൻപിലായാണ് വലിയ കവാടമൊരുക്കിയിരിക്കുന്നത്. മുൻപ് താത്കാലികമായി ഒരുക്കിയ കവാടമായിരുന്നു ഉണ്ടായിരുന്നത്. അത്യാഹിതം, ഒ.പി എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ പ്രവേശന ഭാഗത്താണ് പുതിയ കവാടം. 99 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഈ മാസം നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയ്ക്കാണ് നിർമ്മാണ ചുമതല. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പുല്ലുകൾ വച്ച് പിടിപ്പിക്കണം. ലൈറ്റുകളും സ്ഥാപിക്കണം.