പരിഹസിച്ചു പവിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'തിരുനക്കര ചുറ്റുവട്ടം 'പ്രതിവാര കോളം 38-ാം വർഷത്തിലേക്ക് കടക്കുന്നു. ഒരു ആക്ഷേപ ഹാസ്യ കോളം ഇത്രയും വർഷം തുടരുന്നത് മലയാള മാദ്ധ്യമ രംഗത്തു ഒരു റെക്കാഡാണ്.
നിരവധി നേതാക്കളെ കോളത്തിൽ വിമർശിച്ചുവെങ്കിലും പ്രശ്നാധിഷ്ടിത വിമർശനമായിരുന്നതിനാൽ ആരും പരിഭവം പ്രകടിപ്പിച്ചിട്ടില്ല. കോളത്തിലൂടെ നിരവധി ജനകീയ പ്രശ്നങ്ങൾ ഉയർത്തികൊണ്ടു വന്ന് പരിഹാരം കാണാൻ കഴിഞ്ഞു. പത്രം കത്തിച്ചുള്ള പ്രതിഷേധം വരെ പല സംഘടനകൾ നടത്തിയെങ്കിലും ജനപക്ഷത്തു നിന്നുള്ള വിമർശനത്തിന് ഒപ്പമായിരുന്നു വായനക്കാർ.
വീതികുറഞ്ഞ ചന്തക്കവല കോഴിചന്ത റോഡിലൂടെ ബസ് കയറ്റി വിട്ടുള്ള ട്രാഫിക് ഉപദേശകസമിതിയുടെ തല തിരിഞ്ഞ തീരുമാനത്തെ നിരവധി തവണ വിമർശിച്ചു. ബസുകൾ ചന്തയ്‌ക്കകത്തുകൂടി കടത്തി വിടുന്ന തീരുമാനം മാറ്റാൻ ട്രാഫിക് ആഡ്വൈസറി കമ്മിറ്റി നിർബന്ധിതമായി. വേമ്പനാട്ടുകായൽ മലിനീകരണം,കയ്യേറ്റം, നികത്തൽ, അനധികൃത പാറമട, മണ്ണു മാഫിയ എന്നിവയ്ക്കെതിരെ നിരന്തരം പോരാടി. എവിടെ മരങ്ങൾ വെട്ടിയാലും പരിസ്ഥിതി സംഘടനകൾക്കൊപ്പം ഇടപെടൽ ഉണ്ടായി. മെഡിക്കൽ കോളേജിലെ സ്വാഭാവിക വനം വെട്ടി കെട്ടിടം പണിയാനുള്ള തീരുമാനം, മീനച്ചിലാറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ആറ്റു തീരത്തുള്ള മരങ്ങൾ വെട്ടി മാറ്റൽ. ഇതെല്ലാം അന്വേഷിക്കാൻ സമിതി ആയി. ജൈവവൈവിദ്ധ്യ ബോർഡിന്റെ ഇടപെടൽ ഉണ്ടായി. ശാസ്ത്രീ റോഡ് നവീകരണത്തിനായി തണൽ മരങ്ങൾ വെട്ടാനുള്ള തീരുമാനം കോളമാക്കിയതിനും ഫലം കണ്ടു. ശിഖരങ്ങൾ മുറിച്ച് മിക്ക മരങ്ങളും പി.ഡബ്ല്യു.ഡി നിലനിറുത്തി. തിരുനക്കര ക്ഷേത്രത്തിലെ ഗോപുരങ്ങളും കൂത്തമ്പലവും മറ്റും തകർന്നതും തിരുനക്കരക്കാരുടെ സ്വന്തം ആന ശിവനെതിരായ പീഡനവും കോളത്തിൽ വാർത്തയാക്കിയതോടെ നടപടി ആയി. തെരുവുനായ പ്രശ്നം ഉദ്യോഗസ്ഥരുടെ കൈക്കൂലി, കെടുകാര്യസ്ഥത, ഓട്ടോ റിക്ഷക്കാരുടെ പിടിച്ചു പറി അടക്കം ജനദ്രോഹ നടപടികൾ പല തവണ വെളിച്ചത്തു കൊണ്ടു വന്നു നടപടി എടുപ്പിക്കാനായി.
ജനകീയ പ്രശ്നങ്ങളോട് മുഖം തിരിച്ചു നിന്നപ്പോൾ കളക്ടർ, പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചു. നല്ല കാര്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
'തിരുനക്കര ചുറ്റുവട്ടം ' കണ്ടില്ലെങ്കിൽ എന്തുകൊണ്ടെന്ന് വായനക്കാർ ചോദിക്കുന്ന സ്ഥിതി ഉണ്ടാക്കാനായെന്നത് കോളത്തിന്റെ ജനകീയതയും സദ്ദുദ്ദേശ വിമർശനം ഇഷ്ടപ്പെടുന്നതിന്റെയും തെളിവാകുന്നു. നിരവധി അവാർഡുകളം കോളത്തെ തേടിയെത്തി. ഓരോ ആഴ്ചത്തേക്കുമുള്ള വിഷയം ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിച്ചവർക്കും വിമർശനം ചൊരിഞ്ഞവർക്കും ഒരായിരം നന്ദി.