കോട്ടയം: കുമാരനല്ലൂർ ഊരുചുറ്റു വള്ളംകളി ഇന്ന് നടക്കും. ദേവീചൈതന്യം ആവാഹിച്ച സിംഹവാഹനം രാവിലെ എട്ടിന് കൊടിമര ചുവട്ടിൽ ക്ഷേത്രഭരണാധികാരി കെ.എ മുരളി കാഞ്ഞിരക്കാട്ടില്ലം വള്ളംകളിക്ക് നേതൃത്വം നൽകുന്ന കുമാരനല്ലൂർ 777ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹിയെ ഏൽപ്പിക്കും. തുടർന്ന്,വാദ്യമേളത്തിന്റെയും മുത്തുക്കുടയുടെയും ശംഖവാദ്യത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ട് കടവായ പുത്തൻ കടവിൽ എത്തിച്ചേരും. മീനച്ചിലാറിന്റെ ഇരുകരകളിലും മുൻകൂട്ടി നിശ്ചയിച്ച കടവുകളിൽ ഭക്തജനങ്ങൾ ഒരുക്കുന്ന പറവഴിപാടുകൾ സ്വീകരിച്ച്, വൈകിട്ട് ആറിന് ആറാട്ടുകടവിൽ തിരികെയെത്തും. തുടർന്ന് കരവഞ്ചിയുടെ സിംഹവാഹനം തിരികെ എത്തിക്കുന്നതോടെ ക്ഷേത്രസന്നിധിയിൽ സമർപ്പിക്കുന്നതോടെ ഊരുചുറ്റു വള്ളം കളി പൂർത്തിയാകും. ദേവിയുടെ സിംഹവാഹനം ഈ വർഷം വഹിക്കുന്നത് ശ്രീവിനായകൻ ചുണ്ടനാണ്.