പൊൻകുന്നം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹണി വള്ളസദ്യയ്ക്കുള്ള ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം 13ന് നടക്കും ചേനപ്പാടി പാർത്ഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിലാണ് തൈര് സമർപ്പണം നടത്തുന്നത്. 14ന് അഷ്ടമിരോഹിണി വള്ളസദ്യയിൽ വിളമ്പുന്നതിനാണ് ചേനപ്പാടി തൈര്. 1500 ലിറ്റർ തൈരാണ് ആറന്മുളയിലേക്ക് കൊണ്ടുപോകുന്നത്. ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈരും വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്ന് വാങ്ങുന്ന തൈരും ഉപയോഗിക്കും. നൂറ്റാണ്ടുമുൻപ് പൂർവികർ പാളപ്പാത്രത്തിൽ തൈര് തയ്യാറാക്കി കൊണ്ടുപോയിരുന്നതിനാലാണ് പാളത്തൈര് എന്ന പേര് വന്നത്.
13ന് ഘോഷയാത്രയായാണ് ആറന്മുളയിലേക്ക് ഭക്തർ പുറപ്പെടുന്നത്. അന്ന് പുലർച്ചെ ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമ്മശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തും. ചേനപ്പാടി എസ്.എൻ.ഡി.പി ശാഖ, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജന സമിതി എന്നിവയുടെയും സഹകരണത്തോടെ പ്രത്യേകം അലങ്കരിച്ച് തയാറാക്കിയ വാഹനത്തിൽ തൈര് ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്ര സന്നിധിയിലെത്തിക്കും. തുടർന്ന് രാവിലെ ഒൻപതിന് ഇവിടെ നിന്ന് നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിലേക്ക് പുറപ്പെടും. എരുമേലി പൊലീസ് എസ്.എച്ച്.ഒ ഇ.ഡി.ബിജു ഭദ്രദീപം തെളിച്ച് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പാർത്ഥസാരഥി ക്ഷേത്രനടയിൽ തൈര് സമർപ്പണം നടത്തും. ചേനപ്പാടി പാർത്ഥസാരഥി ഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് സമർപ്പണ ഘോഷയാത്ര.
ഘോഷയാത്രയ്ക്ക് റാന്നിയിൽ തോട്ടമൺകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി, അവിട്ടം ജലോത്സവസമിതി എന്നിവർ സ്വീകരണം നൽകും. ഘോഷയാത്രയെ ആറന്മുളയിൽ പാർത്ഥസാരഥി പള്ളിയോടസമിതിയുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് പാടി സ്വീകരിക്കും.