ചങ്ങനാശ്ശേരി : പ്രധാന റോഡ്. ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങളും, യാത്രക്കാരും. പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ യാത്ര പകുതിവഴിയിൽ അവസാനിക്കും. വാഴൂർ റോഡിൽ മാടപ്പള്ളി പഞ്ചായത്തിൽ പെരുമ്പനച്ചിക്കും പൂവത്തുമൂട് ജംഗ്ഷനും ഇടയിൽ കൂട്ടിയിട്ടിരിക്കുന്ന മരക്കഷ്‌ണങ്ങളാണ് അപകടക്കെണിയൊരുക്കുന്നത്. ഒപ്പം മൺകൂനകളുമുണ്ട്. അപകടം പതിവായിട്ടും അധികൃതർക്ക് കുലുക്കമില്ല. കഴിഞ്ഞദിവസം വാഹനം അപകടത്തിൽ പ്പെട്ടിരുന്നു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഏറെനാളായി ഇവ ഇവിടെ കൂടിക്കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
കാട് മൂടി, കാഴ്‌ചയും മറയ്‌ക്കും
റോഡിന്റെ വശങ്ങൾ കാടുകയറി കിടക്കുന്നതിനാൽ ഡ്രൈവർമാരുടെ കാഴ്ചയും മറയുകയാണ്. വീതികുറഞ്ഞ റോഡിൽ കാൽനടയാത്രക്കാരുടെ കാര്യമാണ് കഷ്ടം. വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങാൻ സ്ഥലം കിട്ടില്ല. റോഡിലിറങ്ങി നടന്നാൽ അപകടങ്ങൾക്കും ഇടയാക്കും. നിരവധി വിദ്യാർത്ഥികൾ ഇവിടെ വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾക്കും വശങ്ങളിലേക്ക് മാറ്റാൻ സാധിക്കുന്നില്ല. രാത്രികാലങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം വിടാൻ സാദ്ധ്യതയേറെയാണ്.
''മരക്കഷ്‌ണങ്ങൾ നിന്ന് നീക്കം ചെയ്യുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇനിയും അപകടത്തിന് കാത്തുനിൽക്കരുത്.
ടോണി കുട്ടംപേരൂർ, യൂത്ത് കോൺഗ്രസ്