
നെടുംകുന്നം: കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നത്തിന് സമീപം കോവേലി വളവിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം എം.സി ജോൺസന്റെ മകൻ പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. ആങ്ങമൂഴിയിൽ നിന്നും കോട്ടയത്തേക്ക് പോയ സ്വകാര്യ ബസും നെടുംകുന്നത്തു നിന്നും നെടുമണ്ണിയിലേക്ക് പോയ പ്രിൻസൺ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിൻസണെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടു കഴിഞ്ഞ പ്രിൻസൺ നേഴ്സിംഗ് കോഴ്സ് പഠിക്കാൻ ബംഗളൂരുവിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാതാവ്: അനു. സഹോദരൻ: അൻസൺ. സംസ്കാരം പിന്നീട്.