ksr

കോട്ടയം : ചട്ടപ്പടിക്ക് പകരം പ്രൊഫഷണൽ മികവിലേയ്ക്ക് എത്തിയപ്പോൾ വരുമാനത്തിൽ ചരിത്ര നേട്ടമാണ് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ സ്വന്തമാക്കിയത്. പുതിയ ബസ്,​ അച്ചടക്കമുള്ള ജീവനക്കാർ,​ സമയം നോക്കാതെയുള്ള ജോലി എല്ലാ കൂടി ചേർന്നപ്പോൾ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഓണത്തിരക്ക് അവസാനിച്ച തിങ്കളാഴ്ച 130.64 ശതമാനം വരുമാനമാണ് ലഭിച്ചത്. ടാർജറ്റിനേക്കാൾ കൂടുതൽ.

പ്രതിദിന ടാർജറ്റ് 16.89 ലക്ഷമായായിരുന്നു. ഈ സ്ഥാനത്താണ് 81 സർവീസുകളിൽ നിന്നായി 22.06 ലക്ഷം ലഭിച്ചത്. ഒരു കിലോമീറ്ററിന് 68.59 രൂപയും ഒരു ബസിന് ശരാശരി 25958 രൂപയുമായിരുന്നു വരുമാനം. ഡിപ്പോയുടെ ശരാശരി വരുമാനം 14 ലക്ഷം. സാധാരണ 65 സർവീസുകളും ഓപ്പറേറ്റ് ചെയ്തു. ഉത്രാട നാളിലും ഡിപ്പോ നേട്ടം കൊയ്തിരുന്നു.അന്ന് 102.42 ശതമാനമായിരുന്നു വരുമാനം, നേടിയത് 17.29 ലക്ഷം.

കഠിനാദ്ധ്വാനം ഫലം കണ്ടു

ഡി.ടി.ഒ. ഉൾപ്പെടെ അധിക സമയം കണ്ടെത്തി

 ഷെഡ്യൂളുകൾ കൃത്യമായി ഓപ്പറേറ്റ് ചെയ്തു

 ബംഗളുരുവിന് മൂന്ന് സ്‌പെഷ്യൽ സർവീസുകൾ

 മണർകാട് പെരുന്നാളിന് അധിക സർവീസുകൾ

 തിരുവനന്തപുരം, തൃശൂർ, കുമളി കൂടുതൽ സർവീസ്

പുതിയ ബസുകളും അനുഗ്രഹമായി
ഒരു ലിങ്ക് ബസും രണ്ട് എ.സി സ്ലീപ്പർ ബസുകളുമാണ് കോട്ടയത്തിന് ലഭിച്ചത്. ലിങ്ക് ബസ് ഇന്നലെ മുതൽ കോട്ടയം -ബൈസൺവാലി റൂട്ടിലാണ് സർവീസ്. 2 സ്ലീപ്പർ ബസുകളും ബംഗളരുവിനാണ്. കൂടാതെ വൈകിട്ട് 5.30 നുള്ള ബംഗളൂരു എ.സി ബസുമുണ്ട്. ഓണത്തിനായി സ്‌പെഷ്യൽ സർവീസിനായാണ് എ.സി സ്ലീപ്പർ അനുവദിച്ചതെങ്കിലും ഡിപ്പോയിലേക്ക് സ്ഥിരമാക്കും.

''ഓണനാളുകളിൽ കെ.എസ്.ആർ.ടി.യെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. എല്ലാവരും സമയം നോക്കാതെ ജോലി ചെയ്തു. പരാതികൾ ഉണ്ടായില്ല''

എസ്. രമേഷ്,​ ഡി.ടി.ഒ

കളക്ഷൻ 130.64 %